നാമക്കല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നു. പഗുതറിവ് ആലയം (യുക്തിയുടെ ക്ഷേത്രം) എന്നാണ് ക്ഷേത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ക്ഷേത്ര നിര്‍മാണത്തിന്‍റെ ഭൂമി പൂജ കഴിഞ്ഞ ദിവസം നടന്നു. നാമക്കലിലെ കുച്ചിക്കാട് എന്ന സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്. അരുന്ധതിയാര്‍ മുന്നേട്ര പേരാവൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മാണം.

ദൈവത്തിന് മാത്രം സാധിക്കുന്ന ചിലത് കലൈഞ്ജര്‍ തങ്ങള്‍ക്ക് നല്‍കിയെന്ന് സംഘടന സെക്രട്ടറി കെ ചിന്നസാമി പറഞ്ഞു. 2009ല്‍ അരുന്ധതിയാര്‍ വിഭാഗത്തിന് മൂന്ന് ശതമാനം സംവരണം നല്‍കിയിരുന്നു. സംവരണം ലഭിച്ചതിലൂടെ സമുദായത്തിന്‍റെ ജീവിത സാഹചര്യത്തില്‍  വലിയ മാറ്റമുണ്ടായെന്നാണ് ഇവരുടെ അഭിപ്രായം. 

കഴിയുന്നതും വലിയ ക്ഷേത്രമാണ് കരുണാനിധിക്കായി നിര്‍മിക്കുക. ഇതിനായി ട്രസ്റ്റ് രൂപവത്കരിച്ച് ഓഫീസ് തുറന്നു. 30 ലക്ഷമാണ് ക്ഷേത്ര നിര്‍മാണത്തിനായി ചെലവ് കണക്കാക്കുന്നത്. കരുണാനിധിയുടെ പ്രതിമ ക്ഷേത്രത്തില്‍ സ്ഥാപിക്കും. താന്‍ നിരീശ്വരവാദിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു കരുണാനിധി. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ പേരിലും തമിഴ്നാട്ടില്‍ ക്ഷേത്രം നിര്‍മിച്ചിരുന്നു.