കഴിഞ്ഞ വര്‍ഷം മുതലാണ് ഫെബ്രുവരി 5 കശ്മീര്‍ ഐക്യദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. കശ്മീരിന് വെളിയില്‍ നിന്നുള്ള പാക് നിര്‍മ്മിത പ്രചാരണങ്ങളെ രാജ്യം ഒന്നായി നേരിടുന്നു എന്ന സന്ദേശം ഊട്ടിഉറപ്പിക്കാനാണ് ഇത്തരം ഒരു ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ശ്രീനഗര്‍: ഫെബ്രുവരി 5 കശ്മീര്‍ ഐക്യദിനമായി ആഘോഷിച്ച് കശ്മീര്‍ ജനത. അതിര്‍ത്തി ഗ്രാമങ്ങളില്‍ അടക്കം ഈ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. നിരവധി ബൈക്ക് റാലികള്‍ നടന്നു. ഇവയില്‍ ത്രിവര്‍ണ്ണ പതാകയെന്തി യുവാക്കള്‍ 'ഭാരത് മാത കീജയ്', കശ്മീര്‍ ഇന്ത്യയാണ്, ഇന്ത്യ കശ്മീരാണ്, ഹിന്ദുസ്ഥാന്‍ മുദ്രവാക്യങ്ങളുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ വര്‍ഷം മുതലാണ് ഫെബ്രുവരി 5 കശ്മീര്‍ ഐക്യദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. കശ്മീരിന് വെളിയില്‍ നിന്നുള്ള പാക് നിര്‍മ്മിത പ്രചാരണങ്ങളെ രാജ്യം ഒന്നായി നേരിടുന്നു എന്ന സന്ദേശം ഊട്ടിഉറപ്പിക്കാനാണ് ഇത്തരം ഒരു ദിനാഘോഷം സംഘടിപ്പിക്കുന്നത്. പാകിസ്ഥാന്‍, കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്ന ദിവസം തന്നെയാണ് കശ്മീരില്‍ കശ്മീര്‍ ഐക്യദിനം ആചരിക്കുന്നത്.
ഇത്തരം ദിനത്തിനോട് അനുബന്ധിച്ച് പാകിസ്ഥാന്‍റെ ഔദ്യോഗിക വാര്‍ത്ത മാധ്യമങ്ങളും, സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയും നടത്തുന്ന പ്രചാരണങ്ങള്‍ക്കും തക്ക മറുപടി കൂടിയാണ് ഫെബ്രുവരി 5ലെ കശ്മീര്‍ ഐക്യദിനാഘോഷം.
അതിര്‍ത്തി ഗ്രാമത്തില്‍ ഇത്തരം ഒരു ദിനാഘോഷത്തില്‍ പങ്കെടുത്ത യുവാവ് ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞത് പ്രകാരം, പാകിസ്ഥാന്‍ നേതൃത്വത്തോട് അവിടെ നിന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. പല നിരപരാധികളും ഈ ഭീകരവാദത്താല്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ നാം ഭീകരവാദത്തിനെതിരെ ഒന്നിക്കണം.
അതിര്‍ത്തി ഗ്രാമങ്ങളില്‍ അടക്കം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്താന്‍ കശ്മീര്‍ യുവ ജനതയെ പ്രേരിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ദിനാഘോഷങ്ങളെ തുറന്ന മനസോടെയാണ് കശ്മീര്‍ ജനത കാണുന്നത് - യുവാവ് പറയുന്നു.
