ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺ​ഗ്രസിന്റേതല്ലെന്നും വേണു​ഗോപാൽ പറഞ്ഞു.

നരേന്ദ്ര മോദിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകൽ അല്ല കോൺഗ്രസിന്റെ പണിയെന്നും സർക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണു​ഗോപാൽ അറിയിച്ചു. എന്നാൽ നിലവിലെ സാമ്പത്തിക തകർച്ച അടക്കമുള്ളത്  കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ മോദി അനുകൂല പ്രസ്താവനയിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്ന്  ശശി തരൂർ എംപി പറഞ്ഞു. 

മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. 

മോദിക്കെതിരെയുള്ള വിമര്‍ശനത്തെക്കുറിച്ച് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിങ്‍വിയും രംഗത്തെത്തി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. മോദിയുടെ ഭരണം പൂര്‍ണമായി തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആര്‍ക്കും ഗുണം ചെയ്യില്ല. ജനത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ എല്ലാം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. 

'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്നും ആയിരുന്നു അഭിഷേക് സിങ്‍വി ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി പ്രമേയത്തെ തള്ളി പറഞ്ഞ്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ രംഗത്ത് വന്നതും, മുത്തലാക്ക് വിഷയത്തില്‍ കേരളത്തിലെയും, വടക്കെ ഇന്ത്യയിലേയും എംപിമാര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.