ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭ. അത് എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. 

ദില്ലി: നിയമസഭാ കയ്യാങ്കളി കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിധി പറയാന്‍ മാറ്റിയത്. സുപ്രധാന വിഷയം ആയതുകൊണ്ടാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. 

വാദത്തിനിടെ കടുത്ത ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അതിന്‍റെ പേരില്‍ കോടതി സാമാഗ്രഹികള്‍ നശിപ്പിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 

ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭ. അത് എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രോസിക്യൂഷന്‍ നടപടി തുടരാനാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.