വയനാട്: ജോണി നെല്ലൂരിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം സി സെബാസ്റ്റ്യൻ. ജോണി നെല്ലൂർ യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നുവെന്നാണ് എം സി സെബാസ്റ്റ്യന്‍റെ ആരോപണം. സമനില തെറ്റിയത് പോലെയാണ് ജോണി നെല്ലൂർ പെരുമാറുന്നതെന്നും, പാർട്ടി ഒറ്റക്കെട്ടായി അനൂപ് ജേക്കബിനൊപ്പമാണെന്നും നാളത്തെ സംസ്ഥാന കമ്മിറ്റിയോടെ വ്യക്തമാകുമെന്നും എം സി സെബാസ്റ്റ്യൻ അവകാശപ്പെട്ടു. 

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള ത‍ർക്കമാണ് കേരള കോൺഗ്രസ് ജേക്കബിനെ പിള‌ർപ്പിലേക്കെത്തിച്ചിരിക്കുന്നത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിൻവാങ്ങിയതോടെയാണ് ജേക്കബ് വിഭാഗം നേതാക്കള്‍ തമ്മിലുള്ള ഭിന്നത ശക്തമായത്. ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്‍റെ തീരുമാനം. ഇരുവരും യോഗം വിളിച്ച് പരമാവധി ആളുകളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ലയനം പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂരിന്‍റെ വാദം. 

ലയന നീക്കത്തെ എതിർത്ത് നിലപാട് എടുത്ത മൂന്ന് ജില്ല പ്രസിഡന്‍റുമാരെ ജോണി നെല്ലൂർ പക്ഷം മാറ്റിയിരുന്നു. ജോണി നെല്ലൂർ വിഭാഗവും വെള്ളിയാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്. ഭൂരിപക്ഷം ജില്ല പ്രസിഡന്‍റുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും അവകാശവാദം.