03:16 PM (IST) Dec 06

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്; 2 യുവാക്കൾ മരിച്ചു

തിരുവനന്തപുരത്ത് അരുവിക്കരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് അപകടം ഉണ്ടായത്. അരുവിക്കര സ്വദേശികളായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. Read More

02:00 PM (IST) Dec 06

എസ്എഫ്ഐയുടെ രാജ്ഭവൻ മാര്‍ച്ചിൽ സംഘർഷം

ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. ഒരു പ്രാവശ്യം മാത്രമാണ് പൊലീസ് മാർച്ചിന് നേരെ ജല പീരങ്കി പ്രയോഗിച്ചത്. 

02:00 PM (IST) Dec 06

ഗോമൂത്ര പരാമ‍ർശം; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി

വിവാദ പരാമര്‍ശത്തില്‍ ഡിഎംകെ എംപി സെന്തില്‍ കുമാർ‍ പാര്‍ലമെന്‍റില്‍ ഖേദം പ്രകടിപ്പിച്ചു. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരാമർശം പിൻവലിക്കുന്നുവെന്നും സെന്തില്‍ കുമാർ‍ പറഞ്ഞു. സഭ രേഖകളില്‍ നിന്ന് നീക്കണമെന്നും സെന്തില്‍ കുമാർ ആവശ്യപ്പെട്ടു. പരാമർശത്തില്‍ ഭരണപക്ഷത്തിന്‍റെ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് നടപടി.

01:05 PM (IST) Dec 06

നൂറിലേറെ വെബ്സൈറ്റുകൾ നിരോധിച്ചു

നിക്ഷേപ, വായ്പാ തട്ടിപ്പ് സൈറ്റുകള്‍ ബാന്‍ ചെയ്യാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ചൈനീസ് ഒറിജിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 100 വെബ്‌സൈറ്റുകളാണ് ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തത്. Read More

12:25 PM (IST) Dec 06

കണിച്ചുകുളങ്ങര കൊലക്കേസ്:ജാമ്യാപേക്ഷക്കെതിരെ സംസ്ഥാനം, അന്തിമവാദം അടുത്തമാസം

കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി. ഹർജികൾ അടുത്തമാസം പതിനേഴിലേക്ക് മാറ്റി. കേസിൽ ശിക്ഷ അനുഭവിക്കുന്ന സജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. കേസിൽ ശിക്ഷയ്ക്കപ്പെട്ട് പതിനെട്ട് വർഷമായി താൻ ജയിലാണെന്നും ജാമ്യം നൽകി പുറത്തിറങ്ങാൻ അനുവാദം നൽകണമെന്നും കാണിച്ചാണ് കേസിലെ ആറാം പ്രതി സജിത്ത് സുപ്രീംകോടതിയെ സമീപിച്ചത്.

12:24 PM (IST) Dec 06

'ഓര്‍ഡിനന്‍സിന് അടിയന്തര പ്രധാന്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കട്ടെ':ഗവര്‍ണര്‍

കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രതിനിധിയെത്തിയത്. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്.എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. ഓർഡിനന്‍സ് ഒപ്പിടുന്നില്ല എന്ന ചില വാർത്ത കേട്ടു. അത് ശരിയല്ല.മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു

12:04 PM (IST) Dec 06

കുർബാന തർക്കം; നേരിട്ട് ഇടപെട്ട് വത്തിക്കാന്‍

കുർബാന തർക്കത്തില്‍ നേരിട്ട് ഇടപെട്ട് വത്തിക്കാന്‍. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കർദ്ദിനാളിനെ കണ്ടു. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ നിർദ്ദേശങ്ങളടങ്ങിയ രണ്ട് കത്ത് കർദ്ദിനാളിന് കൈമാറി. Read More 

10:54 AM (IST) Dec 06

ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം, ​ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ

 ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് ഇടതു വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അം​ഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു.

10:54 AM (IST) Dec 06

പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻവാദി നേതാവ്

പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻവാദി നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഈ മാസം13ന് മുമ്പ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്‌ഐയുടെ സഹായത്തോടെ ആക്രമണം നടത്തുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

10:53 AM (IST) Dec 06

ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ

ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന പരാതിയിൽ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്ത ഫാദര്‍ ജേജിസിനെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തി. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.

10:53 AM (IST) Dec 06

സ്വപ്നയാത്രയിൽ ദുരന്തം, മഞ്ഞിൽ തെന്നി വാഹനം കൊക്കയിൽ; കശ്മീരിൽ മരിച്ച 4 മലയാളികളുടെ പോസ്റ്റുമോർട്ടം ഇന്ന്

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാ മാർഗയിലെ ആശുപത്രിയിൽ നിന്ന് ശ്രീനഗറിൽ എത്തിക്കും. ഇന്നലെയാണ് സോജില ചുരത്തിൽ നടന്ന അപകടത്തിൽ പാലക്കാട് സ്വദേശികളായ നാല് പേർ മരിച്ചത്. അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ കശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു. 

10:52 AM (IST) Dec 06

കാസർകോ‍ട് കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസിന് തിരിച്ചടി, കോടതി നേരിട്ട് അന്വേഷിക്കും

കാസർകോട് കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഫർഹാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസിന് തിരിച്ചടി. സംഭവത്തിൽ കാസർകോട് അഡീഷണൽ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നടപടി. 

10:51 AM (IST) Dec 06

ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജനിയമന ഉത്തരവ്; തട്ടിപ്പിന് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

ആരോഗ്യവകുപ്പിൻെറ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തട്ടിപ്പിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം നഷ്ടമായെന്ന പരാതിയുമായി അഞ്ചുപേരാണ് പൊലീസിന് സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണ് ആറന്മുള സ്വദേശിക്ക് നഷ്ടമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദന്‍റെ നേതൃത്വത്തില്‍ നടന്നത് വന്‍ തട്ടിപ്പാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

10:50 AM (IST) Dec 06

യുവ ഡോക്ടറുടെ മരണം; ജീവനൊടുക്കിയത് അനസ്തേഷ്യ മരുന്ന് കുത്തിവച്ചെന്ന് പൊലീസ്

മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്ലാറ്റില്‍നിന്നും കണ്ടെത്തി. അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടര്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹ്ന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.

08:20 AM (IST) Dec 06

മുതലാളിയെ കാണിച്ച് പണമായി വരാം, പിന്നാലെ സ്വർണബിസ്ക്റ്റുമായി മുങ്ങി;പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനെ പറ്റിച്ചു

തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരു പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ​ഗ്ധമായി തട്ടിയെടുത്തു. സ്വർണ ബിസ്ക്കറ്റ് വാങ്ങാനായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇന്നലെ രാത്രിയാണ് ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് ഫോണ്‍ എത്തുന്നത്. മസ്ക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് മൂന്ന് സ്വർണ ബിസ്ക്കറ്റുകള്‍ വേണമെന്നായിരുന്നു വിളിച്ചയാളിൻ്റെ ആവശ്യം. 

08:20 AM (IST) Dec 06

പൂർണമായി കൈവിരലുകളില്ല; ഇടപെട്ട് അധികൃതർ, ജോസിമോൾക്ക് ആധാറിന് വഴിയൊരുങ്ങുന്നു

ഇരുകൈകളിലും പൂര്‍ണമായി വിരലുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ഭിന്നശേഷിക്കാരി ജോസിമോള്‍ക്ക് ആധാര്‍ കാര്‍ഡ് കിട്ടാന്‍ വഴിയൊരുങ്ങുന്നു. പ്രശ്നത്തില്‍ കേന്ദ്ര ഐടി മന്ത്രാലയവും കോട്ടയം ജില്ലാ ഭരണകൂടവും ഇടപെട്ടതിനു പിന്നാലെ ഐടി മിഷന്‍ അധികൃതര്‍ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്. 

08:19 AM (IST) Dec 06

മൂക്കിലെ ദശ നീക്കാൻ ആശുപത്രിയിലെത്തി; സ്റ്റെബിൻ മടങ്ങിയത് ചേതനയറ്റ ശരീരവുമായി, മൃതദേഹം പുറത്തെടുത്ത് പരിശോധന

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു. 

08:19 AM (IST) Dec 06

മാർക്ക് ദാന വിമർശനം; ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും, എതിർപ്പുമായി അധ്യാപകസംഘടനകൾ

പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള തന്റെ ശബ്ദരേഖ പുറത്തുവന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്.

08:18 AM (IST) Dec 06

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ്; അന്വേഷണം, റിപ്പോർട്ട് തേടി

ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.