ഡിജിറ്റൽ സർവേയിലൂടെ കേരളം തമിഴ്‌നാട്ടിലെ ഭൂരിഭാഗം ഭൂമിയും കൈയേറിയെന്നും ഈ ഭൂമി തങ്ങളുടേതാക്കാൻ ഒരുങ്ങുകയാണെന്നും ആരോപണമുയർന്നിരുന്നു. 

ചെന്നൈ: തമിഴ്‌നാടും കേരളവും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കേരളം ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചെന്ന പ്രചരണത്തില്‍ വ്യക്തത വരുത്തി തമിഴ്നാട് റെവന്യൂ വകുപ്പ്. ഈ പ്രദേശങ്ങളില്‍ ഭൂമിയുടെ ഡിജിറ്റൽ സർവേ കേരള സർക്കാർ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നിരന്തര ജാഗ്രത പുലർത്തുന്നുണ്ടെന്നും റവന്യൂ സെക്രട്ടറി കുമാർ ജയന്ത് വ്യക്തമാക്കി. തമിഴ്‌നാടിന്റെ അനുമതിയില്ലാതെ കേരളം ഏകപക്ഷീയമായി അതിർത്തികളിലെ ഭൂമിയുടെ ഡിജിറ്റൽ സർവേ ആരംഭിച്ചുവെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളെ തുടർന്നാണ് റെവന്യൂ സെക്രട്ടറിയുടെ വിശദീകരണം. ഡിജിറ്റൽ സർവേയിലൂടെ കേരളം തമിഴ്‌നാട്ടിലെ ഭൂരിഭാഗം ഭൂമിയും കൈയേറിയെന്നും ഈ ഭൂമി തങ്ങളുടേതാക്കാൻ ഒരുങ്ങുകയാണെന്നും ആരോപണമുയർന്നിരുന്നു. 

നവംബർ 1 മുതൽ കേരള സർക്കാർ ഭൂമിയുടെ ഡിജിറ്റൽ സർവേ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നവംബർ 9 ന് റവന്യൂ മന്ത്രി കെ കെ എസ്എസ്ആർ രാമചന്ദ്രൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതായും റെവന്യൂ സെക്രട്ടറി പ്രസ്താവനയിൽ പറയുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ, ചതുരം​ഗപ്പാറ, കരുണാപുരം, ശാന്തൻപാറ എന്നീ ​ഗ്രാമങ്ങളിൽ ഡിജിറ്റൽ സർവ്വേ നടത്താൻ സർക്കാർ ആലോചിക്കുന്നതായി, തേനി ജില്ലയിലെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്ക് തൊടുപുഴ റീ-സർവേ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ കത്തയച്ചതിനെക്കുറിച്ചും പ്രസ്താവനയിൽ പറയുന്നു. 

കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലാണ് ഇടുക്കി ജില്ല സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മേൽപ്പറഞ്ഞ ഗ്രാമങ്ങളുടെ അതിർത്തികൾ തേനി ജില്ലയിലാണ്. അതിനാൽ, സംയുക്ത ആലോചനായോഗം നടത്തുന്നതിന് ഭൂരേഖകൾ തയ്യാറാക്കി സൂക്ഷിക്കാൻ തമിഴ്നാടിനോട് കേരളം ഔദ്യോ​ഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ്