മീററ്റ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തന്റെ മക്കളുടെ ജീവന് സുരക്ഷ വേണമെന്ന  അഭ്യര്‍ത്ഥനയുമായി ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഭാര്യ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥന നടത്തിയത്. 

 ഭര്‍ത്താവിനെ കൊന്ന പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ യോഗിയോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഭയത്തോടെയാണ് കഴിയുന്നത്. കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. കുറ്റവാളികള്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ജാമ്യത്തില്‍ പുറത്തുവന്ന പ്രതികളെ ജയിലിന് മുന്നില്‍ മാലയിട്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. സുബോധ് കുമാര്‍ സിംഗിനെ അഞ്ചുപേര്‍ ചേര്‍ന്ന് വളയുകയും ഇതില്‍ ഒരാള്‍ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. പശുവിനെ കൊന്നെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ നേതാവ് യോഗേഷാണ് പൊലീസിൽ വ്യാജ പരാതി നൽകിയത്. പിന്നീട് പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി.

തുടർന്ന് ആള്‍ക്കൂട്ടത്തിന്‍റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്‍റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.