ദില്ലി: അറ്റോർണി ജനറൽ സ്ഥാനത്ത് കെകെ വേണുഗോപാലിന്റെ കാലധി നീട്ടി. ഒരു വർഷത്തേക്കാണ് നീട്ടിയത്. 89 കാരനായ അദ്ദേഹം അറ്റോർണി ജനറൽ സ്ഥാനത്ത് മൂന്ന് വർഷം കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് തീരുമാനം.

കേന്ദ്രസർക്കാരിന്റെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. ജൂൺ 30 നാണ് അദ്ദേഹം മൂന്ന് വർഷം കാലാവധി തികയ്ക്കുക. 2017 ജൂണിലാണ് കെ കെ വേണുഗോപാൽ എജിയായി  നിയമിതനായത്. മൂന്ന് വർഷക്കാലം കേന്ദ്രസർക്കാരിന്റെ നാവായി സുപ്രീം കോടതിയിൽ തിളങ്ങിയതിനുള്ള അംഗീകാരം കൂടിയാണ് ഇത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും, മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട കേസിലുമെല്ലാം കേന്ദ്രസർക്കാരിന്റെ നിലപാടുകളെ സുപ്രീം കോടതിയിൽ ഉയർത്തിക്കാട്ടാനായത് അദ്ദേഹത്തിന്റെ നേട്ടമായി. അതേസമയം സോളിസിറ്റർ ജനറലിന്റെ കാര്യത്തിൽ കാലാവധി നീട്ടുന്നതായി കേന്ദ്രം ഇതുവരെ അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.