ചെന്നൈ: കൂടംകുളം ആണവ പ്ലാന്റില്‍ സൈബര്‍ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍. കൂടംകുളം ആണവ പ്ലാന്റ് ശൃംഖലയുടെ ഡി ട്രാക്ക് റാറ്റില്‍ വൈറസ് ആക്രമണമുണ്ടായി എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പ്ലാന്‍റ്  ട്രെയിനിംഗ് സൂപ്രണ്ടന്‍റും ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ആര്‍ രാംദാസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

നോര്‍ത്ത് കൊറിയന്‍ ഹാക്കര്‍മാര്‍ കൂടുംകുളം പ്ലാന്‍റില്‍ സൈബര്‍ ആക്രമണം നടത്തി എന്നായിരുന്നു പ്രചാരണം. എന്നാല്‍ കൂടംകുളം ആണവ പ്ലാന്റിന്റേയും മറ്റ് ആണവ പ്ലാന്റുകളുടേയും പവര്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഒറ്റക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് സൈബര്‍ ശൃംഖലകളുമായി ബന്ധിപ്പിച്ചില്ല. അതുകൊണ്ട് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് കണ്‍ട്രോള്‍ സംവിധാനത്തില്‍ ഒരു വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങളും സാധ്യമല്ലെന്നും പ്ലാന്റിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

സോഷ്യല്‍ മീഡിയയില്‍ കൂടംങ്കുളം പ്ലാന്റില്‍ സൈബര്‍ ആക്രമണം നടന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടകള്‍ വ്യാപകമായി പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അത്തരത്തിലൊരു സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ രാജ്യ സുരക്ഷക്ക് ഏല്‍ക്കുന്ന ആഘാതത്തെക്കുറിച്ചും തരൂര്‍ ട്വീറ്റില്‍ ഓര്‍മിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.