ചണ്ഡിഗഡ്: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് തകർപ്പൻ ജയം ലഭിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ അവ​ഗണിച്ച് ഹരിയാനയിലെ കോൺഗ്രസ് പ്രസിഡന്റ് കുമാരി സെൽജ. സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും കുമാരി സെൽജ പറഞ്ഞു.

'ഹരിയാനയിൽ കോൺഗ്രസ് പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും' സെൽജ പറഞ്ഞു. 90 നിയമസഭാ സീറ്റുകളിൽ 45 ലധികം സീറ്റുകളിൽ പാർട്ടിക്ക് വിജയിക്കാൻ സാധിക്കുമെന്നും അവർ പറയുന്നു.  ഇത്രക്ക് ആത്മവിശ്വാസം തോന്നുന്നത് എന്താണെന്ന ചോദ്യത്തിന്, സംസ്ഥാനത്തൊട്ടാകെയുള്ള സ്ഥാനാർത്ഥികളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കാണെന്നായിരുന്നു സെൽജയുടെ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹരിയാനയിലെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപിക്ക് കഴിയാത്തതും തന്റെ ആത്മവിശ്വാസത്തിന് കാരണമാണെന്നും സെൽ‌ജ കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മ, സമ്പദ്‌വ്യവസ്ഥ, കർഷകരുടെ ദുരിതം, ക്രമസമാധാനം വഷളാകുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രചാരണ വേളയിൽ ബിജെപി സംസാരിച്ചിട്ടില്ല. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ വ്യക്തമാക്കി. 
 
അതേസമയം, ഹരിയാനയില്‍ തൂക്കുനിയമസഭയ്ക്ക് സാധ്യതയെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ ഫലം. ആകെ 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 32 മുതല്‍ 44 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് 30 മുതല്‍ 42 വരെ സീറ്റുകള്‍ നേടി തിരിച്ചു വരവ് നടത്തുമെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു.

Read Also: ബിജെപി ഹരിയാനയിൽ വീഴും, തൂക്കുനിയമസഭ വരും; ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ സർവ്വെ ഫലം