ലേ: ബിജെപി നേതാവും ലഡാക്കിലെ എംപിയുമായ ജംയാങ്  സെറിം​ഗ് നം​ഗ്യാലിന് തിങ്കളാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിലുള്ള 25 കിലോമീറ്റർ സൈക്കിൾ റാലി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ലഡാക്കിലെ ബിജെപി അധ്യക്ഷൻ കൂടിയായ സെറിം​ഗ് ട്വീറ്റിലൂടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാനും സ്വയം നിരീക്ഷണത്തിൽ പോകാനും അദ്ദേഹം നിർദ്ദേശിച്ചു.

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ നടത്തിയ ഫിറ്റ് ഇന്ത്യ സൈക്ലോത്തോൺ പരിപാടിയിൽ സെറിം​ഗ് പങ്കെടുത്തിരുന്നു. ഓ​ഗസ്റ്റ് 15 മുതൽ ഒക്ടോബർ 2 വരെയുള്ള ഒന്നരമാസം നീണ്ടുനിൽക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ ഭാ​ഗമായിട്ടാണ് സൈക്ലത്തോൺ സംഘടിപ്പിച്ചത്. പ്രാദേശിക സൈക്ലിം​ഗ് അസോസിയേഷനുകളും നിരവധി കായികതാരങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ദൈനംദിന ജീവിതത്തിൽ ശാരീരിക പ്രവർത്തനങ്ങളും കായിക വിനോദങ്ങളും ഉൾപ്പെടുത്തി ആരോ​ഗ്യമുള്ളവരായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ പരിപാടിയിൽ പങ്കെടുത്തത്. 

ലഡാക്കിൽ 40 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 17 പേർ ലേയിലും 23 പേർ കാർ​ഗിലിലും. 3345 പേരാണ് ഇവിടെ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവിടുത്തെ രോ​ഗമുക്തി നിരക്ക് 73 ശതമാനമാണ്. 869 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.