ദില്ലി: നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഹിന്ദു റാവു ആശുപത്രി താല്‍കാലികമായി അടച്ചു. നോര്‍ത്ത് ദില്ലിയിലാണ് ഹിന്ദു റാവു ആശുപത്രി. അണുവിമുക്തമാക്കിയ ശേഷം അശുപത്രി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി മുഴുവന്‍ സീല്‍ ചെയ്തു. എല്ലാ ഭാഗവും അണുവിമുക്തമാക്കിയ ശേഷമേ പ്രവര്‍ത്തനം സാധാരണ രീതിയില്‍ പുനരാരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

കുറച്ച് പേരെ ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ക്വാറന്റൈനിലാക്കും. നഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തല്‍ വെല്ലുവിളിയാണെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 26,000 കടന്നു. 780 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ദില്ലിയില്‍ 2625 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.