സർക്കാർ കാലാവധി പൂർത്തിയാക്കാതെ വീണാൽ എല്ലാ പാർട്ടികളും ചേർന്ന് ഐക്യസർക്കാരിനും നിർദ്ദേശമുണ്ട്

ദില്ലി:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യും. സർക്കാർ കാലാവധി പൂർത്തിയാക്കാതെ വീണാൽ എല്ലാ പാർട്ടികളും ചേർന്ന ഐക്യസർക്കാരിനും നിർദ്ദേശമുണ്ട്

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂർത്തിയാക്കാമെന്ന ശുപാർശ നിയമ കമ്മീഷൻ നൽകുമെന്നാണ് വിവരം. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭ തെരഞ്ഞെടുപ്പുകൾ ഇതിനായി ക്രമീകരിക്കണമെന്നാണ് കമ്മീഷൻ തയ്യാറാക്കിയിരുന്ന ശുപാർശ. 2024നും 2029നും ഇടയിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ പരമാവധി ഒന്നിച്ചാക്കി രണ്ട് പ്രാവശ്യമായി പൂർത്തിയാക്കണം. ചില നിയമസഭകളുടെ കാലാവധി കൂട്ടുകയും ചിലത് കുറയ്ക്കുകയും വേണം. ഉദാഹരണത്തിന് 2026ൽ കേരളത്തിലെ തെരഞ്ഞെടുപ്പ് നടന്നാലും നിയമസഭ കാലാവധി 3 കൊല്ലമായി ചുരുക്കേണ്ടി വരും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പിന്തുണച്ച് നിയമ കമ്മീഷൻ | One Nation-One Election

പൊതു വോട്ടര്‍ പട്ടിക തയ്യാറാക്കണം എന്നതാണ് മറ്റൊരു ശുപാർശ. . അധികാരത്തിലുള്ള സര്‍ക്കാര്‍ വീഴുകയോ തൂക്കുസഭ ആകുകയോ ചെയ്താല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിക്കുന്നതായിട്ടാണ് വിവരം. ഇതിന് കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ള കാലാവധിക്കായി മാത്രം സർക്കാർ രൂപീകരിക്കുക എന്ന നിർദ്ദേശവുമുണ്ട്. സുപ്രധാന മാറ്റങ്ങൾക്ക് ഭരണഘടനയിൽ 15എ എന്ന പേരിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർക്കണം എന്ന ശുപാർശയാണ് നിയമകമ്മീഷൻ മുന്നോട്ടു വയ്ക്കുന്നത്. വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി തിരികെയെത്തിയാൽ ഈ ശുപാർശകൾ തുടക്കത്തിൽ തന്നെ നടപ്പാക്കാനുള്ള സാധ്യത തള്ളാനാവില്ല.