ലക്നൗ: ഭൂമി ക്രമക്കേട് കേസടക്കം എണ്‍പതോളം കേസുകളില്‍പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് ആസംഖാന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വൈദ്യസഹായം തേടണമെന്നുമാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ രംഗത്ത്. പൊലീസിനുമുന്നില്‍ ഹാജരാകാന്‍ 15 ദിവസമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഖാന്‍ ഇപ്പോള്‍ രാംപൂരില്‍ ഇല്ലെന്നും ചികിത്സയ്ക്കായി മറ്റൊരിടത്താണെന്നുമാണ് അഭിഭാഷകന്‍ നല്‍കിയ കത്തില്‍ പറയുന്നത്. സെപ്തംബര്‍ 25ന് ഉച്ചയ്ക്ക് 12 മണിക്ക് രാംപൂരിലെ മഹിളാ താനയില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. 15 ദിവസം സമയം അനുവദിക്കണമെന്നും അഭിഭാഷകന്‍ പൊലീസിന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 

82 കേസുകളാണ് ആസം ഖാനെതിരെ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 50 എണ്ണം ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ്. ബാക്കി 28 എണ്ണം ആലയഗഞ്ചിലെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ റെജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും ആസം ഖാനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.