Asianet News MalayalamAsianet News Malayalam

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാം- പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹ്രസ്വ സമ്മേളനമാണെന്ന് കരുതേണ്ടതില്ല. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തിലും ഉണ്ടാകും. എല്ലാ കക്ഷികളും ഈ സമ്മേളനം പ്രയോജനപ്പെടുത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു

Let's enter the new Parliament building with fresh hope - Prime Minister Narendra Modi
Author
First Published Sep 18, 2023, 11:20 AM IST

ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. പാര്‍ലമെന്‍റ്  സമ്മേളന നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യൻ പതാക ചന്ദ്രനിൽ എത്തിയിരിക്കുന്നു. ശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്നത് അഭിമാനകരമായ നേട്ടങ്ങളാണ്. ജി 20 ഉച്ചകോടി വലിയ വിജയമായി. നാനാത്വത്തിന്‍റെ ആഘോഷമായി മാറി. ജി20 ആതിഥേയത്വത്തിലൂടെ ഗ്ലോബല്‍ സൗത്തിന്‍റെ ശബ്ദമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഇതിലൂടെ പുതിയ ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റ് സമ്മേളനം ചേരുന്നത്. ഇത് ഹ്രസ്വ സമ്മേളനമാണെന്ന് കരുതേണ്ടതില്ല. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തിലും ഉണ്ടാകും. എല്ലാ കക്ഷികളും ഈ സമ്മേളനം പ്രയോജനപ്പെടുത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു. നാളെ ഗണേശ ചതുര്‍ഥിയാണ്. നമ്മള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാറുകയാണ്. വിഘ്നങ്ങള്‍ അകറ്റുന്ന വിഘ്നേശ്വരനാണ് ഗണേശ ഭഗവാന്‍. ഇനി രാജ്യത്തെ വികസനത്തിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനമാണ് നടക്കുന്നത്. പ്രത്യേക സമ്മേളനത്തില്‍ നിയമ നിർമ്മാണ സഭയുടെ 75 വർഷമെന്ന വിഷയത്തിൽ ചർച്ച നടക്കും. ഗണേശ ചതുർത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്‍റെ സെൻട്രൽ ഹാളിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റും. പുതുക്കിയ അജണ്ടയിലെ 8 ബില്ലുകളിൽ വനിത സംവരണ ബില്ലും, തെരഞ്ഞെടുപ്പ് കമ്മീഷൻ  നിയമന രീതി മാറ്റുന്ന ബില്ലും ഉൾപ്പെടുത്തിയിട്ടില്ല. വനിത സംവരണ ബിൽ പാസാക്കണമെന്ന് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേ സമയം 'ഭാരത്' പരാമർശം പുതുക്കി അജണ്ടയിൽ ഇടംപിടിച്ചിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios