ദില്ലി: വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്സഭ ലോക്സഭ പാസ്സാക്കി. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി നൽകുന്നത് പിൻവലിക്കാനാണ് ഭേദഗതി. പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് ലോക്സഭയിൽ ബില്ല് പാസ്സാക്കിയത്.

വിവരാവകാശ കമ്മീഷണർമാരുടെ വേതനവും മറ്റു വ്യവസ്ഥകളും കേന്ദ്രസർക്കാരിന് നിശ്ചയിക്കാം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം. വെള്ളിയാഴ്ചയാണ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ എതിർപ്പിനെ മറികടന്നായിരുന്നു ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചത്. ഭേദഗതി വിവരാവകാശം തന്നെ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂർ ലോക്സഭയിൽ വാദിച്ചിരുന്നു. ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭയിൽ നിന്ന് ഇറങ്ങി പോയി.

എഐഎംഐഎ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. 178  പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ 79 പേർ എതിർത്തായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.