ദില്ലി: മുംബൈയിലെ ജൈനക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. മുംബൈയിലെ ദാദര്‍, ബൈക്കുള, ചെമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജൈന ക്ഷേത്രങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ജൈനവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എട്ട് ദിവസം നീളുന്ന പര്യുഷാന്‍ ഉത്സവത്തിന്റെ ഭാഗമായാണ് രണ്ട് ദിവസം ക്ഷേത്രം തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ വിശ്വാസികള്‍ ക്ഷേത്രത്തിലെത്താവൂ എന്നും കോടതി വ്യക്തമാക്കി.

ഇടക്കാല വിധി മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ ബാധകമല്ലെന്ന് വരാനിരിക്കുന്ന ഗണപതി ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. പര്യൂഷാന്‍ സമയം ജൈനക്ഷേത്രങ്ങളില്‍ ആരാധനക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീ പര്‍ഷ്വാതിലക് ശ്വെതംഭര്‍ മൂര്‍ത്തിപൂജക് ജെയിന്‍ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ ബോംബെ ഹൈക്കോടതി ക്ഷേത്രം തുറക്കുന്നത് വിലക്കിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് ആഘോഷങ്ങള്‍ വിലക്കണമെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദിച്ചു. ഇതൊരു പ്രത്യേക സാഹചര്യമാണെന്നും വസ്തുകള്‍ തീവ്രമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാനദണ്ഡങ്ങള്‍ നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് പരിപാടികള്‍ നടത്തിക്കൂടായെന്ന് പുരി രഥയാത്ര നടത്തിയത് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ചോദിച്ചു. ജഗനാഥന്‍ ഞങ്ങളോട് പൊറുക്കട്ടെ, അദ്ദേഹം നമ്മളോട് വീണ്ടും ക്ഷമിക്കും-ചീഫ് ജസ്റ്റിസ് പറഞ്ഞു.