ദില്ലി: മഹാരാഷ്ട്രയിലെ അര്‍ധരാത്രി സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ അതിശക്തമായ നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനും, തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനുമെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ഒപി ബിര്‍ള നീക്കം തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 
 
പതിനാലാം ലോക്സഭ തുടങ്ങിയ ശേഷം ഇതാദ്യമായാണ് അംഗങ്ങളുടെ പ്രതിഷേധം കാരണം സഭാ നടപടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നത്. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ഹൈബിയേയും ടിഎന്‍ പ്രതാപനേയും മാര്‍ഷല്‍മാരെ വച്ച് സ്പീക്കര്‍ ലോക്സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. സഭയില്‍ നിന്നും തങ്ങളെ കൊണ്ടു പോകാനുള്ള മാര്‍ഷല്‍മാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമായിരുന്നു. 

ലോക്സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ളാദ് ജോഷി എന്നിവര്‍ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഹൈബിക്കും പ്രതാപനുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എംപിമാര്‍ മാര്‍ഷല്‍മാരെ കയേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. അഞ്ച് വർഷംവരെ സസ്പന്‍ഡ് ചെയ്യണം എന്ന നിർദ്ദേശവും പരിഗണനയിലുണ്ടെന്നാണ് സൂചന.