നാലേ നാല് ചോദ്യങ്ങള്‍, വിജയിക്ക് ഐഫോണ്‍ 15 സമ്മാനം; ഓഫറുമായി ഇന്ത്യാ പോസ്റ്റ്? Fact Check
ഒരു സമ്മാനം നേടാനുള്ള അവസരമുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലെയിം ഗിഫ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക എന്നാണ് സന്ദേശത്തില്‍ പറയുന്നത്

ഭാഗ്യക്കുറിയടക്കം ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ മുമ്പ് വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുണ്ടായിരുന്നു. ഇപ്പോള്‍ പുതിയൊരു പ്രചാരണം പോസ്റ്റല്‍ വകുപ്പിന്‍റെ പേരില്‍ എത്തിയിരിക്കുന്നത് ആളുകളെ കുഴക്കിയിരിക്കുകയാണ്. ഇത്തവണയും ലക്കി ഡ്രോയുടെ പേരില്‍ തന്നെയാണ് പ്രചാരണം. നറുക്കെടുപ്പില്‍ വിജയിച്ചാല്‍ ഐഫോണ്‍ 15 സമ്മാനമായി നേടാം എന്നാണ് പ്രചാരണം. ഇന്ത്യാ പോസ്റ്റില്‍ നിന്ന് ഇത്തരമൊരു സമ്മാനം ആളുകള്‍ക്ക് നല്‍കാന്‍ സാധ്യതയുണ്ടോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വൈറല്‍ സന്ദേശത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
ഒരു സമ്മാനം നേടാനുള്ള അവസരമുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലെയിം ഗിഫ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ചോദ്യാവലിക്ക് ഉത്തരങ്ങള്‍ നല്‍കി ആപ്പിളിന്‍റെ ഐഫോണ്‍ 15 നേടാം എന്നാണ് വൈറല്‍ സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യാ പോസ്റ്റിന്‍റെ ലോഗോയും ജി20 സമ്മേളനത്തിന്‍റെയും ആസാദി കാ മഹോല്‍സവത്തിന്‍റെയും ലോഗോകളും ഇതില്‍ കാണാം. ആളുകള്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ചിത്രം സഹിതമാണ് പ്രചാരണം.
വസ്‌തുത
ഈ കൊണ്ടുപിടിച്ചുനടക്കുന്ന പ്രചാരണം വ്യാജമാണ് എന്നതാണ് വസ്‌തുത. ഇക്കാര്യം വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. ഇതൊരു തട്ടിപ്പാണെന്നും ഇതിന് ഇന്ത്യാ പോസ്റ്റുമായി ബന്ധമില്ലെന്നും ഇത്തരത്തിലുള്ള സംശയാസ്‌പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് എന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഐഫോണ്‍ 15 സ്വന്തമാക്കാം എന്ന ഓഫറോടെ ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവര്‍ ചെയ്യുന്നത്. ആരും വ്യക്തിവിവരങ്ങള്‍ നല്‍കി വഞ്ചിതരാവരുത് എന്നും പിഐബി ഫാക്ട് ചെക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി സ്കാം നടക്കുന്നത് ഇതാദ്യമല്ല.
Read more: ഫ്രണ്ട്‌സ് സ്റ്റാര്‍ മാത്യു പെറിയുടെ മരണ കാരണം കൊവിഡ് വാക്‌സീന്‍?