ഭോപ്പാൽ: പശുക്കളെ സംരക്ഷിക്കുന്നതിന്റെ പേരിൽ രാജ്യമൊട്ടാകെ അതിക്രമങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിയമം കൂടുതൽ കർശനമാക്കി. ഗോ സംരക്ഷണ നിയമ പ്രകാരം പ്രതി ചേർക്കപ്പെട്ട ഒരാളെ ആക്രമിക്കുന്നവർക്കെതിരായ ശിക്ഷകളാണ് കടുപ്പിച്ചത്.

ഇത്തരം കേസുകളിൽ പിടിയിലാകുന്നവർക്ക്, അവർ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം 25000 മുതൽ 50000 വരെ പിഴ നൽകാനും ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ നൽകാനുമാണ് തീരുമാനം. മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റേതാണ് തീരുമാനം.

ഗോ സംരക്ഷണമെന്ന പേരിൽ ആൾക്കൂട്ട അക്രമം നടത്തിയാൽ പ്രതികളാക്കപ്പെടുന്നവർക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയാണ് ഇനി ലഭിക്കുക. ഒന്നിലേറെ തവണ ഇതേ കുറ്റകൃത്യം ചെയ്താൽ ശിക്ഷ ഇരട്ടിയാകും.