ഭോപ്പാൽ: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചൽ ഗാംഗ്‌വാൾ. മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയാണ് ഈ മിടുക്കി. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചല്‍. അച്ഛന്‍ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാന്‍ പോലും കഷ്ടപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ് ആഞ്ചല്‍ തന്റെ സ്വപ്‌ന നേട്ടമായ വ്യോമസേനയുടെ ഭാഗമായത്. 

'വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ട് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കണമെന്നതായിരുന്നു സ്വപ്‌നം. ഇന്ന് ആ സ്വപ്‌നം സത്യമായി. ഓരോ രാത്രികളിലും ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നെ ഈ നിലയിലെത്തിക്കാന്‍ ഏറെ പാടുപെട്ട അമ്മയ്ക്കും അച്ഛനും മുന്നില്‍ ഈ യൂണിഫോം അണിഞ്ഞു നില്‍ക്കുക എന്നതായിരുന്നു ആഗ്രഹം. കൊറോണ കാലമായതുകൊണ്ട് അതു നടന്നില്ല, എങ്കിലും അവര്‍ക്ക് ഈ ചടങ്ങ് ടിവിയിലൂടെ കാണാമല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നുണ്ട്' ആഞ്ചല്‍ പറയുന്നു. 

2018ലാണ് പ്രതിബന്ധങ്ങളെ മറികടന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഫ്‌ളൈയിങ് ബ്രാഞ്ചിലേക്ക് ആഞ്ചൽ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ആഞ്ചല്‍ ഫ്‌ളൈയിങ് ഓഫീസര്‍ ബിരുദം സ്വന്തമാക്കുകയും ചെയ്തു. 

പ്രതിരോധ മേഖലയിൽ പ്രവർത്തിക്കണമെന്ന് പറയുമ്പോൾ അച്ഛനും അമ്മക്കും ആദ്യമൊക്കെ ഭയമുണ്ടായിരുന്നുവെന്ന് ആഞ്ചൽ പറയുന്നു. 'പക്ഷേ അവര്‍ ഒരിക്കലും ആ പേരില്‍ എന്നെ തടഞ്ഞിട്ടില്ല. പകരം എന്റെ ജീവിതത്തില്‍ താങ്ങായി നിലനില്‍ക്കുകയാണ് ചെയ്തത്' ആഞ്ചൽ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ഏതൊരു അച്ഛനും മകളിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു പിതാവ് സുരേഷ് ഗംഗ്‌വാളിന്റെ പ്രതികരണം.

'ആഭരണങ്ങൾക്കോ വിലപിടിപ്പുള്ള വസ്തുക്കൾക്കോ വേണ്ടി എന്റെ ഭാര്യ ആവശ്യപ്പെട്ടതായി ഞാൻ ഒരിക്കലും ഓർക്കുന്നില്ല. ഇന്നും അവർ മറ്റു ആഭരണങ്ങളാണ് ധരിക്കുന്നത്, കാരണം ജീവിതത്തിലെ ഭൗതികമായ കാര്യങ്ങളെക്കാൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഞങ്ങൾ മുൻഗണന നൽകി. മകളെ ഇൻഡോറിലെ കോച്ചിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർക്കുന്നതിനായി പണം വായ്പയെടുത്തു. മകന്റെ എഞ്ചിനീയറിങ്ങ് പഠനത്തെയും സഹായിച്ചു' സുരേഷ് ഗംഗാവൽ പറഞ്ഞു.

കുടുംബത്തിലെ കഷ്ടപ്പാടുകൾ കാരണം പത്താം ക്ലാസിന് ശേഷം പഠനം നിർത്തേണ്ടി വന്നയാളാണ് സുരേഷ്. തനിക്ക് നേടാൻ സാധിക്കാത്തത് മക്കളിലൂടെ സ്വന്തമാക്കണമെന്ന് അന്നേ സുരേഷ് നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.