ഭോപ്പാൽ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും ബിജെപിക്ക് നേട്ടം. മധ്യപ്രദേശിലെ 19 ജില്ലകളിലെ 28 നിയമസഭാ സീറ്റുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 18 സീറ്റിൽ ബിജെപിയും ഒൻപത് സീറ്റിൽ കോണ്ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

അധികാരത്തിലേറി ഒന്നര വർഷത്തിനുള്ളിൽ കോണ്ഗ്രസിനകത്ത് പിളർപ്പുണ്ടാക്കിയാണ് ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയിൽ ചേരുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ   ബിജെപിയെ വിജയിപ്പിച്ച് കരുത്ത് കാണിക്കാൻ സിന്ധ്യയ്ക്ക് സാധിച്ചാൽ കേന്ദ്രമന്ത്രിസഭയിൽ അദ്ദേഹത്തെ ചേർക്കാൻ ബിജെപി തയ്യാറായേക്കും എന്നാണ് സൂചന.

കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെയും മുന്‍മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങിന്റെയും തട്ടകമായ ഗ്വാളിയോര്‍, ചമ്പാൽ മേഖലയിലെ ഉപതിരഞ്ഞെടുപ്പ് ഇരുനേതാക്കള്‍ക്കും വ്യക്തിപരമായ വെല്ലുവിളിയാണ്.

 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്.  ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ്  വിട്ട 22 എംഎല്‍എമാരുടേതുള്‍പ്പടെയുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യക്ക് പാ‍ർട്ടി രാജ്യസഭാംഗത്വം നല്‍കിയിരുന്നു. 230 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കമല്‍നാഥിന്  ഭരണം നഷ്ടമാവുകയും, ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടന്ന 28-ല്‍  27 ഉം കോണ്‍ഗ്രസ് സീറ്റുകളായിരുന്നു. ഭരണം തിരിച്ചുപിടിക്കണമെങ്കില്‍ കോണ്‍ഗ്രസിന് എല്ലാ സീറ്റിലും വിജയിക്കണം. ഒന്‍പത് സീറ്റുകള്‍ കിട്ടിയാല്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താം. 

പതിനഞ്ച് വർഷം ബിഹാർ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്. 15 വർഷം ഭരിച്ച നിതീഷിൻ്റെ പാർട്ടിയെ മറികടന്ന് വൻമുന്നേറ്റം നടത്താൻ ബിജെപിക്കായിട്ടുണ്ട്. ആർജെഡിക്കും ബിജെപിക്കും പിറകിലേക്ക് ജെഡിയു പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 

അതേസമയം ഏഴുപത് സീറ്റിലേറെ മത്സരിച്ച കോൺ​ഗ്രസ് 28 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. 19 സീറ്റുകളിൽ മത്സരിച്ച ഇടതുപാ‍ർട്ടികൾ പത്ത് സീറ്റുകളിൽ ലീ‍ഡ് പിടിച്ചിട്ടുണ്ട്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻഡിഎയിൽ ജെഡിയു  115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺ​ഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മത്സരിക്കുന്നു.