Asianet News MalayalamAsianet News Malayalam

മേഘാലയയിലേക്ക് സ്ഥലം മാറ്റി: രാജി വച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ പ്രതിഷേധം

മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞത് താഹില്‍രമണിയാണ്. 

Madras high court chief Justice v K Tahilramani resigned
Author
Delhi, First Published Sep 6, 2019, 10:36 PM IST

ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി കൊളീജിയത്തിന് നല്‍കിയ അപേക്ഷ തള്ളി‍യിരുന്നു. 75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളില്‍ ഒന്നായ മേഘാലയയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലംമാറ്റിയത്.

മൂന്ന് ജഡ്‍ജിമാര്‍ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തു. കൊളിജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി നിവേദനം നല്‍കിയെങ്കിലും തള്ളുകയായിരുന്നു. മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞത് താഹില്‍രമണിയാണ്.

ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതി വിധി. പ്രതികാര നടപടിയെന്ന് ചൂണ്ടികാട്ടി മദ്രാസ് ഹൈക്കോടതി അഭിഭാഷക സംഘടനയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണ് വിജയ താഹില്‍രമണി. നിലവില്‍ രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളും. തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് പി വി സഞ്ജയ് കുമാറിന്‍റെ സ്ഥലം മാറ്റത്തിന് എതിരെ തെലങ്കാനയിലെ അഭിഭാഷ സംഘടനയും രംഗത്തെത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios