Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനൊപ്പം: കോടതി ബഹിഷ്കരിക്കാൻ ഒരുങ്ങി മദ്രാസ് ഹൈക്കോടതി അഭിഭാഷകർ

‌വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊളീജിയം തീരുമാനിച്ചത്. 

madras high court lawyers protest for v k tahilramani transfer
Author
Delhi, First Published Sep 8, 2019, 1:08 PM IST

ദില്ലി: ചൊവ്വാഴ്ച കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി മദ്രാസ് ഹൈക്കോടതി അഭിഭാഷകർ. ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ കോടതി ബഹിഷ്കരിക്കാനൊരുങ്ങുന്നത്. താഹിൽരമണിയെ സ്ഥലം മാറ്റിയുള്ള തീരുമാനം പുനഃപരിശോധിക്കണമന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് നേരത്തെ അഭിഭാഷകർ കത്ത് നൽകിയിരുന്നു.

കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി നിവേദനം നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ നടപടികളിലേക്ക് അഭിഭാഷകർ കടക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റത്തിന് വ്യക്തമായൊരു കാരണം കൊളീജിയം നൽകണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

‌വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊളീജിയം തീരുമാനിച്ചത്. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജിഡ്ജിമാരുടെ യോഗത്തില്‍ രാജി തീരുമാനം വ്യക്തമാക്കിയതിന് ശേഷം രാഷ്ട്രപതിക്ക് താഹില്‍രമണി രാജി കത്ത് നല്‍കുകയും ചെയ്തു.

രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയത് വലിയ ചർച്ചയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുള്ളപ്പോൾ മേഘാലയയിൽ മൂന്ന് പേർ മാത്രമാണ് ഉള്ളത്.

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍രമണിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

Follow Us:
Download App:
  • android
  • ios