Asianet News MalayalamAsianet News Malayalam

മഷി മായുന്ന മാജിക് പേന വച്ച് തമിഴ്നാട് പിഎസ‍്സി പരീക്ഷയില്‍ വന്‍തട്ടിപ്പ്; പിഎസ്‍സി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

എഴുതി അരമണിക്കൂറിനകം മാഞ്ഞ് പോകുന്ന മഷിയുള്ള പേന വച്ചാണ് തമിഴ്നാട്ടിലെ പിഎസ്‍സി പരീക്ഷയില്‍ അട്ടിമറി നടന്നത്. 

magic ink used to manipulate tamilnadu psc exams
Author
Chennai, First Published Jan 25, 2020, 6:40 PM IST

ചെന്നൈ: മാജിക്ക് പേന ഉപയോഗിച്ചുള്ള വന്‍ തട്ടിപ്പിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചതിന്‍റെ ഞെട്ടലിലാണ് തമിഴ്നാട്. തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിലൂടെ 36 പേരാണ് ആദ്യ റാങ്കുകളില്‍ ഇടം പിടിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച തമിഴ്നാട് പിഎസ്‍സി 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തിരിക്കുകയാണ്. 

എഴുതി അരമണിക്കൂറിനകം മാഞ്ഞ് പോകുന്ന മഷിയുള്ള പേന വച്ചാണ് തമിഴ്നാട്ടിലെ പിഎസ്‍സി പരീക്ഷയില്‍ അട്ടിമറി നടന്നത്. കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ മാജിക് പേന വച്ച് പരീക്ഷ എഴുതും. അരമണിക്കൂറിനകം മഷി മായുന്ന ഉത്തരപേപ്പറില്‍ പിന്നീട് തമിഴ്നാട് പിഎസ്‍സി ഉദ്യോഗസ്ഥര്‍ ശരിയായ ഉത്തരം രേഖപ്പെടുത്തും. ഇതാണ് തട്ടിപ്പിന്‍റെ രീതി. 

കേട്ടുകേള്‍വിയില്ലാത്ത വന്‍ തട്ടിപ്പ് പുറത്തു വന്നതിന്‍റെ ഞെട്ടലിലാണ് തമിഴകം. നന്നായി എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പിഎസ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്  ആദ്യ രീതി. പരീക്ഷാപേപ്പറിലെ ഒബ്ജക്ടീവ് കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കരുതിയത് പ്രത്യേക മഷിനിറച്ച പേന. എഴുതി അരമണിക്കൂറിനകം മഷി മായും. പരീക്ഷ കഴിഞ്ഞ് ഉത്തരകടലാസ് ശേഖരിച്ച ഉദ്യോഗസ്ഥര്‍ പിന്നീട് ഭദ്രമായി ശരിയായ ഉത്തരം രേഖപ്പെടുത്തും.

എന്നാല്‍ പരീക്ഷാഹാളില്‍ വച്ച് എഴുതിയ ഉത്തരങ്ങളുടെ എണ്ണവും ഉത്തരകടലാസിലെ കണക്കും തെറ്റിയതോടെ തട്ടിപ്പ് പൊളിഞ്ഞു. സംഭവത്തില്‍ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തതിന് പിന്നാലെ മുന്‍പ് നടന്ന പരീക്ഷകളും വിശദമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ സിബിസിഐഡിയെ ചുമതലപ്പെടുത്തി. 

പിഎസ്‍സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം വന്‍ ശൃംഖല തന്നെ തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ 12-16 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. 

Follow Us:
Download App:
  • android
  • ios