ലക്നൗ: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട മഗ്സസെ പുരസ്കാര ജേതാവും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനുമായ സന്ദീപ് പാണ്ഡെ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച സ്റ്റാന്‍റ് ഫോര്‍ കശ്മീര്‍ എന്നപേരില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സന്ദീപ് പാണ്ഡെ തീരുമാനിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ പൊലീസ് വീട്ടിലെത്തി അദ്ദേഹത്തെ തടങ്കലിലാക്കി.

സ്വാതന്ത്ര്യദിനം കഴിയുന്നത് വരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നിരോധനമുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, സ്വാതന്ത്ര്യദിനത്തിന് ശേഷമാണ് താന്‍ പ്രതിഷേധം നടത്തുകയെന്ന് സന്ദീപ് പാണ്ഡെ വ്യക്തമാക്കിയിട്ടും പൊലീസ് വീട്ടില്‍നിന്ന് ഒഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.

വീട്ടിലേക്ക് പ്രവേശിക്കാനോ വീട്ടില്‍നിന്ന് ആരെങ്കിലും പുറത്തിറങ്ങാനോ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ വക്താക്കള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇവരുടെ വീട്ടുതടങ്കല്‍ അവസാനിപ്പിച്ചെന്നും സൂചനയുണ്ട്. 2002ലാണ് സന്ദീപ് പാണ്ഡെക്ക് മഗ്സസെ അവാര്‍ഡ് ലഭിച്ചത്.