മുംബൈ: മഹാരാഷ്ട്രയിൽ 80 മണിക്കൂർ നീണ്ട ഭരണത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷം ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി.

അതേസമയം ശിവസേനയെ കടുത്ത ഭാഷയിൽ വിമർശിച്ച ഫഡ്‌നവിസ്, ബിജെപിയെ മാറ്റിനിർത്തുകയാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയെന്ന് വിമർശിച്ചു. ജനങ്ങൾ ബി ജെ പി ക്ക് അനുകൂലമായ വിധി തന്നുവെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി യെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി. കൊടുക്കാമെന്ന് പറഞ്ഞതെല്ലാം ഞങ്ങൾ നൽകുമായിരുന്നു. പക്ഷെ വാക്ക് നൽകാത്ത കാര്യത്തിനായി ശിവസേന വിലപേശിയെന്നും അതാണ് സഖ്യം തകരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

അജിത് പവാർ രാജി വച്ചെന്ന് പ്രഖ്യാപിച്ച ഫഡ്‌നവിസ്, താനും രാജിവയ്ക്കുകയാണെന്ന് പറഞ്ഞു. "സഖ്യമില്ലാതെ ആർക്കും നിലവിൽ സർക്കാരുണ്ടാക്കാനാവില്ല. സേന തയാറാകാത്തതിനാൽ മറ്റ് വഴി തേടുകയായിരുന്നു. സ്ഥിരതയുള്ള സർക്കാരല്ല മഹാരാഷ്ട്രയിൽ ഇനി അധികാരത്തിലെത്തുകയെന്നും ആശയ വ്യത്യാസമുള്ള മൂന്ന് പാർട്ടികളാണ് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇനി വരുന്ന സർക്കാരിന് ആശംസകളെന്ന് പറഞ്ഞ അദ്ദേഹം തങ്ങൾക്ക് ഭൂരിപക്ഷം ഇല്ലെന്നും സമ്മതിച്ചു. കുതിരക്കച്ചവടം നടത്താനില്ലെന്നും അതിനാലാണ് രാജി"യെന്നും ഫഡ്‌നവിസ് പറഞ്ഞു.

ശിവസേന അധികാരക്കൊതി മൂത്താണ് സോണിയയുമായി സഹകരിക്കുന്നതെന്നും ഫഡ്‌നവിസ് കുറ്റപ്പെടുത്തി. ഹിന്ദുത്വ ആശയത്തെ ശിവസേന, സോണിയയുടെ കാൽക്കൽ വച്ചെന്ന് വിമർശിച്ച ഫഡ്‌നവിസ് തങ്ങൾ ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് വശത്തേക്ക് പോവുന്ന ചക്രങ്ങളുള്ള മുച്ചക്ര വാഹനം പോലെയാവും ത്രികക്ഷി സർക്കാരെന്നും ഫഡ്‌നവിസിന്റെ പ്രവചനം. അഞ്ചു വർഷത്തെ ഭരണകാലത്ത് സഹായിച്ചതിന് മോദിയ്ക്കും അമിത് ഷായ്ക്കും മന്ത്രിമാർക്കും നന്ദി പറഞ്ഞാണ് ഫഡ്‌നവിസ് അവസാനിപ്പിച്ചത്.

ശിവസേനയ്ക്കാപ്പം സർക്കാരുണ്ടാക്കാൻ പരമാവധി ശ്രമിച്ചുവെന്നും അവർ തയാറാകാതിരുന്നത് കൊണ്ടാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങൾ സർക്കാരുണ്ടാക്കിയതെന്നും ഫഡ്‌നവിസ്. തെറ്റ് പറ്റിയോ ഇല്ലയോ എന്ന് പിന്നെ ആലോചിക്കാമെന്ന് പറഞ്ഞ ഫഡ്‌നവിസ്, അജിത് പവാറിനൊപ്പം സർക്കാരുണ്ടാക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് രാജിയെന്നും പറഞ്ഞു. അജിത് പവാറിൻറേത് ഗൂഢാലോചനയായിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള മറുപടി.