ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജാര്‍ഖണ്ഡ്, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അതോടൊപ്പം പ്രഖ്യാപിച്ചേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ന് മുതല്‍ ഏത് നിമിഷവും മഹാരാഷ്ട്ര,ഹരിയാന തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി തീരാന്‍ മൂന്നു മാസം ശേഷിക്കുന്നതിനാല്‍ അവിടുത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാവില്ല. ജനുവരി അഞ്ചിനാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.  സെപ്റ്റംബര്‍ 19ന് (ഇന്ന്) മൂന്നു സംസ്ഥാനങ്ങളിലെയും തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

നവംബര്‍ രണ്ടിനാണ് ഹരിയാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയില്‍ കാലാവധി തീരുന്നത് നവംബര്‍ ഒമ്പതിനാണ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച് അവസാനവട്ട ഒരുക്കങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.  നിലവില്‍ മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണത്തിലുള്ളത്.