മുംബൈ: ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ. 50:50 എന്ന ശിവസേനയുടെ ആവശ്യം നടപ്പായില്ല. ആര്‍പിഐ(അത്താവാലെ ഗ്രൂപ്), രാഷ്ട്രീയ സമാജ് പക്ഷ തുടങ്ങിയ നാല് ചെറു പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് വീതം നല്‍കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന  വാര്‍ത്തസമ്മേളനത്തിലായിരിക്കും ഔദ്യോഗികമായി സീറ്റ് വിഭജന ധാരണ അറിയിക്കുക.

ബിജെപിയും ശിവസേനയും 144 സീറ്റു വീതം പങ്കിട്ട ശേഷം ബാക്കി സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയാല്‍ മതിയെന്നായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാല്‍, ഈ നിര്‍ദേശം ബിജെപി സ്വീകരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി 162 സീറ്റില്‍ മത്സരിക്കുമെന്ന് തീരുമാനമെടുത്തത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റ് നേടിയപ്പോള്‍ ശിവസേന 63 സീറ്റിലൊതുങ്ങിയിരുന്നു. ഒക്ടോബര്‍ 21നാണ് നിയമസഭ തെരഞ്ഞെടുപ്പ്.

വര്‍ളിയില്‍ മത്സരിക്കുന്ന ആദിത്യ താക്കറയെ ഭരണത്തിലേറിയാല്‍ ഉപമുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ഏറെക്കുറെ ബിജെപി അംഗീകരിച്ചിട്ടുണ്ട്. ശിവസേനക്ക് സീറ്റ് കുറഞ്ഞുപോയെന്ന അമര്‍ഷം പാര്‍ട്ടിയിലുണ്ട്. 1990ല്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ബിജെപി ബാലാസാഹേബിന് മുന്നില്‍ യാചിച്ച് നിന്നിട്ടുണ്ട്. ഇപ്പോള്‍ ശിവസേന സീറ്റുകള്‍ക്കായി ബിജെപിയുടെ കരുണ തേടുകയാണ്-മുതിര്‍ന്ന ശിവസേന നേതാവ് പറഞ്ഞു.