ട്വിറ്ററിലെ വ്യക്തിവിവരങ്ങളില്‍ നിന്ന് ബിജെപിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷണങ്ങളും പങ്കജ മുണ്ടെ നീക്കം ചെയ്തു. വാട്ട്സ്ആപ്പിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പങ്കജ മുണ്ടെ നീക്കം ചെയ്തിട്ടുണ്ട്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ അധികാരത്തിലെത്താനാവാതെ അപമാനം നേരിട്ടതിന് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി. അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ പാര്‍ട്ടി വിടുമെന്ന് സൂചന. ട്വിറ്ററിലെ വ്യക്തിവിവരങ്ങളില്‍ നിന്ന് ബിജെപിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷണങ്ങളും പങ്കജ മുണ്ടെ നീക്കം ചെയ്തു. വാട്ട്സ്ആപ്പിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പങ്കജ മുണ്ടെ നീക്കം ചെയ്തു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയിരിക്കുന്നു. മുന്‍പോട്ടുള്ള വഴിയേക്കുറിച്ച് ചിന്തിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു. 8-10 ദിവസമെടുത്താലാണ് തനിക്ക് തന്നോട് തന്നെ ആശയവിനിമയം നടത്താന്‍ കഴിയൂ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൊഴിഞ്ഞുപോക്കിന്‍റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള യാത്രയെന്നും ഞായറാഴ്ച പങ്കജ മുണ്ടെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

ഇനിയെന്ത് ചെയ്യണം? ഏതുപാത തെരഞ്ഞെടുക്കണം? ജനങ്ങള്‍ക്ക് എന്ത് നല്‍കണം? എന്താണ് ഞങ്ങളുടെ ശക്തി?ഇതിനേക്കുറിച്ചെല്ലാം വീണ്ടും ആലോചിക്കേണ്ടതുണ്ട്. ഇവയ്ക്കെല്ലാം തീരുമാനമാക്കി ഡിസംബര്‍ 120ന് മുന്‍പ് തിരികെയെത്തുമെന്നും പങ്കജ മുണ്ടെ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21 ന് നടന്ന തെരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായ എന്‍സിപി സ്ഥാനാര്‍ത്ഥി ധനന്‍ജയ് മുണ്ടെയാണ് പങ്കജയെ പരാജയപ്പെടുത്തിയത്. 

എന്നാല്‍ പങ്കജ മുണ്ടെ ബിജെപി വിട്ട് ശിവസേനയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ബിജെപി വക്താവ് സിരിഷ് ബോറാല്‍ക്കര്‍ നിഷേധിച്ചിട്ടുണ്ട്. പങ്കജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എവിടെയും ബിജെപി വിടുമെന്നതിനേക്കുറിച്ച് സൂചനയില്ലെന്നാണ് ബോറാല്‍ക്കര്‍ വിശദമാക്കുന്നത്.