മുംബൈ: മഹാരാഷ്ട്രയിൽ എങ്ങുമെത്താതെ സർക്കാർ രൂപീകരണ ചർച്ചകൾ. സംസ്ഥാനത്തെ കോൺഗ്രസ് എൻസിപി നേതാക്കൾ ഇന്ന് ദില്ലിയിലേക്ക് പോകും. ഇന്നലെ നടന്ന സോണിയ-പവാർ കൂടിക്കാഴ്ചയിൽ കൂടുതൽ ചർച്ചകൾ വേണമെന്ന അഭിപ്രായമുയർന്നിരുന്നു. ശിവസേനയുമായി സഹകരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനുള്ള എന്‍ഡിഎ ഘടകക്ഷിയായ ആര്‍പിഐയുടെ ശ്രമം തുടരുകയാണ്. മൂന്ന് വർഷം ബിജെപിയും രണ്ട് വർഷം ശിവസേനയും മുഖ്യമന്ത്രി പദം പങ്കിടണമെന്ന കേന്ദ്രമന്ത്രി രാംദാസ് അത്തെവാലയുടെ നിർദ്ദേശത്തോട് ഇരു പാർട്ടികളും നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം എന്നതാണ് അനിശ്ചിതത്വം തുടരാന്‍ കാരണം.