ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയിലെ നിയമസഭാംഗങ്ങൾ ഗവര്‍ണര്‍ക്ക് എതിരെയും മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിനെ പ്രശംസിച്ചും മുദ്രാവാക്യം വിളികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിധാന്‍ ഭവന്‍ വിട്ടത്.
മുംബൈ: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി (Bhagat Singh Koshyari) വിധാന്‍ സഭ വിട്ടു. അസാധാരണ സംഭവങ്ങളാണ് ഇന്ന് മഹാരാഷ്ട്ര നിയമസഭയിൽ (Maharashtra Assembly) നടന്നത്. പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവർണർ മടങ്ങുകയായിരുന്നു. ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയിലെ നിയമസഭാംഗങ്ങൾ ഗവര്‍ണര്‍ക്ക് എതിരെയും മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിനെ പ്രശംസിച്ചും മുദ്രാവാക്യം വിളികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിധാന്‍ സഭ വിട്ടത്.
മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന് എതിരായ പരാമര്‍ശത്തില്‍ ഗവർണർ മാപ്പ് പറഞ്ഞ് രാജി വയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ദേശീയഗാനത്തിന് പോലും നില്‍ക്കാതെ ഗവര്‍ണര്‍ സഭ വിട്ടത് നിര്‍ഭാഗ്യകരമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് ഗവർണർ അടുത്തിടെ നടത്തിയ ചില പരാമർശങ്ങള്‍ വലിയ വിവാദമായിരുന്നു. ഛത്രപതി ശിവജി മഹാരാജിന്‍റെ ഗുരു സമര്‍ഥ് രാംദാസ് ആണെന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് വിവാദമായത്. സമർഥ് രാംദാസ് ഇല്ലായിരുന്നുവെങ്കിൽ ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ച് ആരാണ് ചോദിക്കുകയെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെ ഗവര്‍ണറെ വിമർശിക്കുകയും അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
