മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. രാത്രിക്ക് രാത്രി തന്റെയും പാർട്ടിയുടെയും പിന്തുണ ബിജെപിക്ക് നൽകി അജിത് പവാർ എൻസിപിക്ക് കൊടുത്ത ഷോക്ക്, പക്ഷെ അധികം നീണ്ടുനിന്നില്ല. ഇപ്പോഴിതാ, അജിത് പവാറിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നിൽ രണ്ട് പേരെ കൂടി തിരികെയെത്തിച്ച് ശരദ് പവാർ ക്യാംപ് തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണ്.

മൂന്ന് ദിവസം മുൻപ് കാണാതായ ഷഹപൂർ എംഎൽഎ ദൗലത്ത് ദറോഡയെ ഇന്ന് രാവിലെയാണ് മുംബൈയിലെ ഹയാത്ത് ഹോട്ടലിലെത്തിച്ചത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് എൻസിപി പൊലീസിൽ പരാതി നൽകിയിരുന്നു. 

ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ, അനിൽ പാട്ടീൽ എംഎൽഎയ്ക്ക് ഒപ്പമായിരുന്നു ദൗലത്തും ഉണ്ടായിരുന്നത്. എൻസിപി വിദ്യാർ‍ത്ഥി സംഘടനയുടെ പ്രസിഡന്‍റ് സോണിയ ദൂഹനും, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ധീരജ് ശർമ്മയും നേതൃത്വം നൽകിയ സംഘമാണ് ഹരിയാനയിൽ നിന്നും എംഎൽഎമാരെ കണ്ടെത്തി തിരിച്ചെത്തിച്ചത്.

ഇനി ഒരൊറ്റ എംഎൽഎയാണ് അജിത് പവാറിനൊപ്പം ഉള്ളത്. നർഹരി സിർവാൽ ആണിത്. ഇദ്ദേഹത്തെയും ഉടൻ തിരിച്ചെത്തിക്കുമെന്നാണ് എൻസിപി ക്യാംപ്. എന്നാൽ അതുകൊണ്ട് നിർത്താൻ എൻസിപി തീരുമാനിച്ചിട്ടില്ല. അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. 

മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്‌ബാലാണ് ഇന്ന് അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തത്. അജിത് പവാറിന്റെ വീട്ടിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ തിരികെയില്ലെന്ന ഉറച്ച നിലപാടിലാണ് അജിത് പവാർ.