Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന രോഗികൾ അരലക്ഷത്തിലേക്ക്

രോഗികളുടെ എണ്ണം കൂടിയെങ്കിലും കാര്യമായ ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം 10 ശതമാനം പോലുമില്ലെന്നതാണ് മൂന്നാം തരംഗത്തിൽ ആശ്വാസം

Maharashtra sees huge spike in Covid Cases
Author
Mumbai, First Published Jan 9, 2022, 6:52 AM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 41434 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് അടുത്തു. രാത്രികാല കർഫ്യൂ അടക്കം സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും.

സംസ്ഥാനത്തെ പ്രതിദിന രോഗികളിൽ പാതിയും മുംബൈയിൽ നിന്നാണ്. തുടർച്ചയായ മൂന്നാം ദിനവും രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് രോഗികളുടെ എണ്ണം 20000 കടന്നു. സമ്പൂ‌ർണ ലോക്ഡൗൺ അവസാന മാർഗമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. രാത്രി കർഫ്യൂ നാളെ മുതൽ കർശനമായി നടപ്പാക്കും. 10,12 ക്ലാസുകൾ ഒഴികെ സ്കൂളുകളും കോളേജുകളും ഫെബ്രുവരി 15വരെ അടച്ചിട്ടും. 

പാർക്കുകൾ,മ്യൂസിയങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ,ജിം,സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാനോ ഓഫീസിലെ ഹാജർ 50 ശതമാനമാക്കാനോ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം കൂടിയെങ്കിലും കാര്യമായ ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം 10 ശതമാനം പോലുമില്ലെന്നതാണ് മൂന്നാം തരംഗത്തിൽ ആശ്വാസം. മുംബൈയിൽ 35,803 കൊവിഡ് ബെഡുകളാണ് തയ്യാറാക്കി വച്ചിരിക്കുന്നത്. ഇതിൽ 7234 ബെഡുകളിലാണ് നിലവിൽ രോഗികളുള്ളത്. അതായത് 80 ശതമാനത്തോളം ബെഡുകൾ ഇപ്പോഴും ഒഴിവുണ്ട്.

സ്വകാര്യ ആശുപത്രികളിലാണ് കിടക്കകൾക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. ഈ വിഭാഗത്തിൽ 60 ശതമാനത്തോളം ബെഡുകൾ നിറഞ്ഞു. മറ്റ് അസുഖങ്ങൾക്കായി വന്ന ശേഷം കൊവിഡ് സ്ഥിരീകരിക്കുകയും ചികിത്സ ആവശ്യമില്ലാതിരുന്നിട്ടും ആശുപത്രിയിൽ തുടരുന്നവരും ഇതിൽ വലിയൊരു ശതമാനമുണ്ട്.

Follow Us:
Download App:
  • android
  • ios