കാൽനടയാത്രക്കാർക്ക് നേരെ പാഞ്ഞ് കയറി മഹീന്ദ്ര ഥാർ, 1 മരണം, ഒരാൾക്ക് പരിക്ക്, വാഹനത്തിൽ നിന്നും കണ്ടെത്തിയത് മദ്യക്കുപ്പികൾ
ദില്ലി : അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ രാഷ്ട്രപതി ഭവന സമീപത്ത് അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്. രാഷ്‌ട്രപതി ഭവനിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്ന ശേഷമാണ് പോലീസ് എത്തി കൊണ്ടുപോയതെന്ന വിമർശനമുയർന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ 26 വയസ്സുകാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. സുഹൃത്തിന്റെ കാറാണെന്നും, ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നുമാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

