തമിഴ്‌നാട്ടിൽ ടി വി കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത പിളർപ്പ്. 30 എംഎൽഎമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തപ്പോൾ, 17 പേരുടെ പിന്തുണയുള്ള എടപ്പാടി പളനിസ്വാമി ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്താൻ പാടുപെടുകയാണ്

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്ന്‍റെ നേതൃത്വത്തിൽ ടി വി കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ എ ഐ എ ഡി എം കെയിൽ കനത്ത പിളർപ്പ്. തോൽവിക്ക് പിന്നാലെ തുടങ്ങിയ പൊട്ടിത്തെറി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂക്ഷമായി. ഇതോടെ പാർട്ടിയെ രണ്ടായി പിളരുന്ന അവസ്ഥയിലാണ്. 30 എം എൽ എമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അതേസമയം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ (ഇ പി എസ്) അനുകൂലിക്കുന്ന 17 എം എൽ എമാർ അദ്ദേഹമാണ് നേതാവെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകിയിട്ടുണ്ട്. സ്പീക്കർ സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും.

Add Asianetnews as a Preferred SourcegooglePreferred

ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകും

പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജനറൽ സെക്രട്ടറി പദവി നിലനിർത്താൻ ഇ പി എസ് തീവ്രശ്രമത്തിലാണ്. അനുരഞ്ജനത്തിന്റെ ഭാഗമായി സി വി ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഒപ്പം മുൻപ് പാർട്ടിയിലുണ്ടായിരുന്ന കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ പദവികൾ തിരികെ കൊണ്ടുവന്ന് വിമതരെ ഒപ്പം നിർത്താനും ഇ പി എസ് പക്ഷം നീക്കം നടത്തുന്നുണ്ട്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടിക്കുള്ളിലെ ആധിപത്യത്തിനായി ഇരുപക്ഷവും കരുനീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

സ്പീക്കർ തിരഞ്ഞെടുപ്പിൽ കരുതലോടെ വിജയ്

തമിഴ്‌നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കരുതലോടെ നീങ്ങി വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായി മുതിർന്ന നേതാല് ജെ സി ഡി പ്രഭാകറിനെ നിശ്ചയിച്ചു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി. വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടി വി കെ കണക്കുകൂട്ടുന്നത്. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് പ്രഭാകർ. 1980 ൽ തന്റെ 28 -ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എ ഐ എ ഡി എം കെ ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർസെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം, 2026 ജനുവരിയിലാണ് വിജയ്‌യുടെ ടി വി കെയിൽ ചേർന്നത്.

YouTube video player