ദില്ലി: അഫ്ഗാൻ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരൻ. കാസർകോട് സ്വദേശിയായ കെ പി ഇജാസാണ് ചാവേർ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 50 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഇന്നലെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. നങ്കർഹർ പ്രവിശ്യയിലായിരുന്നു സംഭവം. സ്ഫോടനത്തിലൂടെ ജയിൽ കവാടം തകർത്ത് ഭീകരരെ രക്ഷിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്. കാസര്‍കോട് നിന്ന് ഡോ. കെ പി ഇജാസിനെയും കുടുംബത്തെയും നേരത്തെ കാണാതായിരുന്നു. ഇവര്‍ പിന്നീട് ഐഎസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ഇരുവരും ഒരാള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.