Asianet News MalayalamAsianet News Malayalam

ജെഎൻയുവിൽ ഓണാഘോഷം ഇന്ന് തന്നെ നടത്തുമെന്ന് മലയാളി വിദ്യാർഥികൾ; അനുമതി നൽകില്ലെന്ന് കോളേജ് അധികൃതർ 

ഓണാഘോഷത്തിന്റെ പോസ്റ്ററിൽ ഹമാസിനെ പിന്തുണച്ചുവെന്നും ഓണാഘോഷം രാഷ്ട്രീയമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നുവെന്നും ഒരു വിഭാഗം വിദ്യാർഥികൾ ആരോപിച്ചു

Malayali student conduct Onam celebration in JNU campus despite authorities deny permission prm
Author
First Published Nov 9, 2023, 10:47 AM IST

ദില്ലി: മുൻ നിശ്ചയിച്ച പ്രകാരം ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇന്ന് ഓണാഘോഷ പരിപാടികൾ നടത്തുമെന്ന് മലയാളി വിദ്യാർഥികൾ. മതപരമായ ആചാരങ്ങൾ ക്യാമ്പസിൽ പാടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഓണാഘോഷത്തിന് അനുമതി നിഷേധിച്ചിരുന്നു. വിലക്കേർപ്പെടുത്തിയ അധികൃതരുടെ നടപടിയെ ഒരു വിഭാഗം വിദ്യാർത്ഥികൾ പിന്തുണക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

കഴിഞ്ഞ 28 മുതൽ ജെഎൻയു ക്യാമ്പസിൽ ആരംഭിച്ച ഓണാഘോഷത്തിന്റെ സമാപന പരിപാടിക്കാണ് അപ്രതീക്ഷിത വിലക്ക്. കലാപരിപാടികളും സിനിമ പ്രദർശനവുമുൾപ്പെടെ വിപുലമായ പരിപാടികളാണ് വിദ്യാർഥികൾ സംഘടിപ്പിച്ചത്. സമാപന പരിപാടിക്കായി 21000 രൂപ നൽകി ക്യാമ്പസിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വാങ്ങി. 300 പേർക്കുളള സദ്യക്കായുളള ഒരുക്കവും നടത്തി. എന്നാൽ, രണ്ടു ദിവസത്തിനകം അധികൃതർ അനുമതി നിഷേധിച്ചു. മതപരമായ ആഘോഷങ്ങള്‍ അനുവദിക്കില്ല എന്നായിരുന്നു വിശദീകരണം.

അതേസമയം ഓണാഘോഷത്തിന്റെ പോസ്റ്ററിൽ ഹമാസിനെ പിന്തുണച്ചുവെന്നും ഓണാഘോഷം രാഷ്ട്രീയമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നുവെന്നും ഒരു വിഭാഗം വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. എന്നാൽ ക്യാമ്പസിൽ ഇത്തവണയും ഓണം ആഘോഷിക്കുമെന്നാണ് സംഘാടകരുടെ നിലപാട്. നേരത്തെ കേരളപിറവിദിനത്തിലും പരിപാടികള് നടത്താൻ അനുമതി നിഷേധിച്ചിരുന്നു, കാരണം വ്യക്തമാക്കാതെയായിരുന്നു നടപടി.
 

Follow Us:
Download App:
  • android
  • ios