2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മമത ബാനര്‍ജിയുടെ ദില്ലി യാത്ര. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുത്തത് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്‍റെ സൂചനയാണ്.

ദില്ലി: ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി നാളെ ദില്ലിക്ക്. ബുധനാഴ്ച സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പെഗാസസ് ഫോണ്‍ ചോര്‍ത്തലിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മമത പ്രധാനമന്ത്രിയേയും കാണും. 

രോഗി മരിച്ചാല്‍ പിന്നെ ഡോക്ടര്‍ക്ക് ഒന്നും ചെയ്യാനാവില്ല. രോഗമുള്ളപ്പോഴാണ് ചികിത്സ നല്‍കേണ്ടത്. ഇപ്പോഴാണ് അതിനുള്ള സമയം. കഴിഞ്ഞയാഴ്ച പശ്ചിമബംഗാളില്‍ നടന്ന തൃണൂല്‍ രക്തസാക്ഷി ദിനാചരണത്തില്‍ പ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യകതയെ മമത ബാനര്‍ജി സൂചിപ്പിച്ചത് ഇങ്ങനെയാണ്. 

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മമത ബാനര്‍ജിയുടെ ദില്ലി യാത്ര. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുത്തത് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്‍റെ സൂചനയാണ്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ദില്ലിയിലെത്തുന്ന മമത തുടര്‍ ദിവസങ്ങളില്‍ നടത്തുന്നത് നിര്‍ണ്ണായക നീക്കങ്ങളായിരിക്കും. .

സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെ മമത ബാനര്‍ജി കാണും. കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന സമാന മനസ്കരായ മറ്റ് പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നാല് ദിവസത്തെ ദില്ലി പര്യടനത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. ബിജെപിക്കെതിരായി സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക. 

പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്. വിവര ചോര്‍ച്ച ഭയന്ന് സ്വന്തം ഫോണിന്‍റ ക്യാമറ പ്ലാസ്റ്റര്‍ ഒട്ടിച്ച് നടക്കേണ്ട ഗതികേടിലാണെന്ന് പെഗാസസ് വിവാദത്തില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ മുമ്പിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കൊവിഡ് വിഷയത്തിലടക്കമുള്ള കേന്ദ്ര നിലപാടില്‍ മമത ബാനര്‍ജി ശക്തമായ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും മമത ബാനര്‍ജി കാണും.