പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ ബി.ജെ.പി ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. 

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെ മുഖ്യമന്ത്രി ആക്രമണം കടുപ്പിച്ച് മമത ബാനർജി. പോളിംഗ് ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്നാണ് മമതയുടെ പ്രധാന ആരോപണം. ഒരു റാലിയിൽ സംസാരിക്കവെ, തൃണമൂൽ കോൺഗ്രസിന്റെ പോളിംഗ് ഏജന്റുമാരെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്താൻ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇത്തരം റെയ്ഡുകൾ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും മമത ചോദിച്ചു.

'ദിവസവും ഞങ്ങൾ ഇ.ഡി റെയ്ഡുകൾ നേരിടുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് പെട്ടെന്ന് ഇതെങ്ങനെ ഓർമ വന്നു? ഞങ്ങളുടെ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസികളോട് ബംഗാൾ വിടാൻ നിങ്ങൾ പറയുന്നു. എന്തിനാണത്? നിങ്ങൾക്ക് അൻപതോളം ഏജൻസികളുണ്ട്, ഞങ്ങൾക്ക് അത്രയും ശക്തിയില്ല, ഒന്നേയുള്ളൂ'. മമത പറഞ്ഞു.

ബി.ജെ.പിയുടെ അവസാന ലക്ഷ്യം ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കലാണെന്നും മമത ആരോപിച്ചു. ‘ഇതൊരു ഗൂഢാലോചനയാണ്. ഇനിയെത്ര അടിച്ചമർത്തലുകൾ നിങ്ങൾ നടത്തും? എത്ര അനീതികൾ? എത്ര വോട്ടുകൾ കൂടി വെട്ടിക്കുറയ്ക്കാൻ ശ്രമിക്കും? ഇതിന് ശേഷം നിങ്ങൾ എൻ.ആർ.സി കൊണ്ടുവരും’. മമത കൂട്ടിച്ചേർത്തു.

‘അവരെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ, അവർ എന്റെ പാർട്ടിയിൽ ചേരും. ഞങ്ങൾ അവർക്ക് ജോലി നൽകും, അവരെ സംരക്ഷിക്കും'. മമത പ്രഖ്യാപിച്ചു. ഇക്കാര്യം ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായി ചർച്ച ചെയ്തതായും അവർ വ്യക്തമാക്കി. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബംഗാൾ രാഷ്ട്രീയം ഇത്രയേറെ ചൂടുപിടിക്കുന്നത്.