സംഘർഷത്തെ കുറിച്ച്  അന്വേഷിക്കാന്‍ ബംഗാള്‍  പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഘട്ടിലെത്തി. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. 

കൊല്‍ക്കത്ത: സംഘര്‍ഷം നടന്ന പശ്ചിമബംഗാളിലെ (West Bengal) രാംപൂര്‍ഘട്ട് സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി (Mamata Banerjee). നാളെ രാംപൂര്‍ഘട്ടില്‍ മമതയെത്തും. ബംഗാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. സംഘര്‍ഷത്തില്‍ മമത സർക്കരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമർശനം ശക്തമാക്കവേയാണ് മമത ബാനര്‍ജിയുടെ നീക്കം. സംഘര്‍ഷമേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്‍‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എന്നാല്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കളെ പൊലീസ് പ്രവേശിപ്പിച്ചില്ല. പിന്നാലെ പൊലീസും പിബി അംഗം ബിമന്‍ ബോസും അടക്കമുള്ള പ്രതിനിധി സംഘവും തമ്മില്‍ തർ‍ക്കമുണ്ടായി.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും ഉടന്‍ രാംപൂര്‍ഘട്ടിലെത്തും. വസ്തുതാ അന്വേഷണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം യുപി മുൻ ഡിജിപിയും എംപിയുമായ ബ്രജ്‍ലാലിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ബംഗാള്‍ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഘട്ടിലെത്തി. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് വിശ്വാസ്യതയില്ലെന്ന് ബംഗാള്‍ ഗവർണര്‍ ജഗ്ദീപ് ധാൻകര്‍ കുറ്റപ്പെടുത്തി. അതിക്രമം നടക്കുമ്പോള്‍ തനിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും മമതക്കുള്ള മറുപടിയായി ഗവർണര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ആറ് സ്ത്രീകളും രണ്ട് കൂട്ടികളും കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ബംഗാള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

  • സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം; 11 തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ (Telangana) സെക്കന്തരാബാദിലെ (Secunderabad) തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശികളാണ് മരിച്ചവര്‍. പുലര്‍ച്ചെ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന്‍റെ ഒന്നാം നിലയിലായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് കടക്കാനാകാതെ കുടുങ്ങിപോയി. 12 പേരാണ് ഗോഡൗണിലുണ്ടായിരുന്നത്. 11 പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ പൊള്ളലേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശി പ്രേം ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ പ്രേം ചികിത്സയിലാണ്. ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇലക്ട്രിക്കല്‍ സാധനങ്ങളും വയറുകളും അലക്ഷ്യമായി ഗൗഡൗണിലും സമീപത്തെ ആക്രികടയിലും കൂട്ടിയിട്ടിരുന്നു.

കെട്ടിക്കിടന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ തീപടര്‍ന്നത് വന്‍ അഗ്നിബാധയ്ക്ക് വഴിവച്ചു. നാല് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിരുന്നില്ല. ഗോഡൗണ്‍ ഉടമയ്ക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ അതീവദുഖം രേഖപ്പെടുത്തി. രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.