കൊല്‍ക്കത്ത: ബാലാക്കോട്ടിലെ മിന്നൽ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുൽവാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയം കളിക്കുന്നതിന് വേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കോര്‍ കമ്മിറ്റിയിലായിരുന്നു മമതാ ബാനര്‍ജി മോദിക്കെതിരെ ആരോപണമുന്നയിച്ചത്.

ബാലാകോട്ട് ആക്രമണത്തിൽ സൈനികർക്ക് മമതാ ബാനർജി അഭിവാദ്യമർപ്പിച്ചിരുന്നു. എന്നാൽ, പുൽവാമ ഭീകരാക്രമണത്തെ പറ്റി  മോദി സർക്കാരിന് അറിവുണ്ടായിരുന്നെന്നും അവിടെ ഇന്‍റലിജന്‍സ് സേവനം ലഭ്യമായിട്ടും പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും മമതാ ബാനര്‍ജി വിമർശിച്ചിരുന്നു. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുദ്ധക്കൊതി ഉണ്ടാക്കിയെടുക്കാനാണ് ഭീകരാക്രമണത്തിലൂടെ സർക്കാർ ശ്രമിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് രണ്ട് സഹോദരന്മാരാണെന്നും(അമിത് ഷാ, നരേന്ദ്രമോദി) അവരുടെ കൈകളില്‍ നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മിന്നലാക്രമണത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി മമതാ ബാനർജി രംഗത്തെത്തിയിരിക്കുന്നത്.