ദില്ലി: തിരുത്തിയ ടിക്കറ്റുമായി വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളില്‍ കയറിക്കൂടിയ യുവാവ് അറസ്റ്റില്‍. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ നിന്ന് ശനിയാഴ്ചയാണ്  സിഐഎസ്എഫ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ശ്രീനഗറിലേക്ക് പോകാനെത്തിയ അമ്മയെ കാണാനാണ് വിമാനത്താവളത്തില്‍ കയറിയതെന്ന് യുവാവ് ഉദ്യോഗസ്ഥരെ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ചെക്ക് ഇന്‍ മേഖലയില്‍ ചുറ്റിത്തിരിഞ്ഞ് നടക്കുന്ന യുവാവിനെ കണ്ട് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് എഡിറ്റ് ചെയ്ത ടിക്കറ്റുമായാണ് യുവാവ് എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയത്. അമ്മയെ കാണാനാണ് എത്തിയതെന്നും ടിക്കറ്റില്‍ കൃത്രിമം കാണിക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. അനധികൃതമായ കടന്നുകയറ്റവും വഞ്ചനാക്കുറ്റവും ചുമത്തി യുവാവിനെതിരെ കേസെടുത്തതായി സിഐഎസ്എഫ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിങ് അറിയിച്ചു.