ദേശീയ ഗാനത്തെ അപമാനിച്ചതിനാണ് ജിതിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബംഗളൂരു: ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാത്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടം. ബംഗളൂരുവിലെ ഒരു സിനിമ തിയറ്ററിലാണ് സംഭവം നടന്നത്. ജിതിൻ ചന്ദ് എന്ന യുവാവാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ജിതിനെ അറസ്റ്റ് ചെയ്തു.
അതേസമയം തന്നെ ശാരീരികമായി പലതവണ ആളുകൾ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടുകയും തനിക്കെതിരെ കേസെടുക്കുകയും ചെയ്ത പൊലീസ് ജനക്കൂട്ടത്തിന് അനുകൂലമായാണ് പെരുമാറിയതെന്ന് യുവാവ് ആരോപിക്കുന്നു.
ആദ്യം തന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ പൊലീസ് ഒടുവിൽ തനിക്കെതിരെ മാത്രം കേസെടുക്കുകയായിരുന്നുവെന്നും ജിതിൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ദേശീയ ഗാനത്തെ അപമാനിച്ചതിനാണ് ജിതിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
