ഭോപ്പാല്‍: മകനെ സേ പരീക്ഷ എഴുതിക്കാനായി പിതാവ് സൈക്കിള്‍ ചവിട്ടിയത് 85 കിലോമീറ്റര്‍ ദൂരം. പത്താംക്ലാസുകാരനായ മകന് ഒരു വര്‍ഷം നഷ്ടമാകാതിരിക്കാനായി ആദിവാസി വിഭാഗത്തില്‍പ്പെടുന്ന പിതാവ് ഓഗസ്റ്റ് 17നാണ് സാഹസ പ്രവര്‍ത്തി ചെയ്തത്.  തനിക്ക് നഷ്ടമായ അവസരം ലോക്ക്ഡൌണില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് മാത്രം മകന് നഷ്ടമാകരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതിന് കാരണമെന്നാണ് മധ്യപ്രദേശിലെ ബേയിഡിപൂര്‍ സ്വദേശിയായ ശോഭാറാം പറയുന്നത്. 

വീട്ടില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ദര്‍ എന്ന സ്ഥലത്തെ പരീക്ഷ ഹാളിലേക്കായിരുന്നു മുപ്പത്തൊമ്പതുകാരനായ പിതാവിനൊപ്പം മകനെത്തിയത്. എട്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ ദൂരം ശോഭാറാം പിന്നിട്ടതെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകനെങ്കിലും പഠിച്ച് ഒരു സ്ഥിര ജോലിയിലെത്തണം എന്നതാണ് ശോഭാറാമിന്‍റെ ആഗ്രഹം. ബുദ്ധിമുട്ടുള്ള കാര്യമാണ് പക്ഷേ തങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നുവെന്ന് ശോഭാറാം പറയുന്നു. 

കൂലിപ്പണിക്കാരനായ ശോഭാറാം പലരില്‍ നിന്ന് കടം വാങ്ങിച്ച പണം കൊണ്ടാണ് സേ പരീക്ഷയ്ക്കുള്ള ആപ്ലിക്കേഷന്‍ കൊടുത്തത്. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ കീഴിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആദ്യശ്രമത്തില്‍ പത്താം ക്ലാസില്‍ നഷ്ടപ്പെട്ട വിഷയം വീണ്ടും എഴുതിയെടുക്കാനുള്ള റിക് ജാനാ നഹി എന്ന പദ്ധതി അനുസരിച്ചായിരുന്നു ശോഭാറാമിന്‍റെ മകന്‍ ആശിഷ് പരീക്ഷയെഴുതാനായി എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ദര്‍ ജില്ലാ ഭരണകൂടം ശോഭാറാമിനും മകന്‍ ആശിഷിനും ഓഗസ്റ്റ് 24 വരെ താമസത്തിനും ഭക്ഷണത്തിനുമുള്ള സാഹചര്യം ഒരുക്കിയെന്നാണ് വാര്‍ത്താ എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആശിഷിന്‍റെ പരീക്ഷ കഴിഞ്ഞ ശേഷം ഇവരെ തിരികെ വീട്ടിലെത്തിക്കുമെന്നും ദര്‍ ജില്ലാ കളക്ടര്‍ അലോക് കുമാര്‍ സിംഗ് പ്രതികരിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഇത്തരമൊരു സാഹചര്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ശോഭാറാമിന് ഇത്രയധികം ബുദ്ധിമുട്ട് സഹിക്കേണ്ടി വരില്ലെന്നാണ് ജില്ലാഭരണകൂടം വിശദമാക്കുന്നത്.