ലക്നൗ: ലക്നൗവില്‍ കോണ്‍ഗ്രസിന്‍റെ 135ാം സ്ഥാപക ദിനാഘോഷ പരിപാടിക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കാണാന്‍ സുരക്ഷാ സന്നാഹം മറികടന്ന് പ്രവര്‍ത്തകനെത്തി. സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ള നേതാക്കളോടൊപ്പം മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന പ്രിയങ്കയെ കണ്ട് സംസാരിക്കാനാണ് പ്രവര്‍ത്തകന്‍ സാഹസികമായി എത്തിയത്. നീല തലപ്പാവ് ധരിച്ച പ്രവര്‍ത്തകന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിയെത്തുകയായിരുന്നു.

പാര്‍ട്ടി നേതാക്കള്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്കയുടെ തൊട്ടടുത്തെത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളോട് സംസാരിക്കാന്‍ പ്രിയങ്ക തയ്യാറായി. സംസാരിച്ച ശേഷം ഹസ്തദാനം നല്‍കിയാണ് പ്രിയങ്ക ഇയാളെ മടക്കിയത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും ഇയാള്‍ അഭിവാദ്യം ചെയ്തു. 

നെഹ്റു കുടുംബത്തിനുള്ള ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ച ശേഷം രണ്ടാമത്തെ സംഭവമാണ് ഉണ്ടാകുന്നത്. നേരത്തെ, പ്രിയങ്കയുടെ ദില്ലിയിലെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കാര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കടത്തിവിട്ടിരുന്നു. ഇപ്പോള്‍ സിആര്‍പിഎഫ് സുരക്ഷയാണ് രാഹുലിനും പ്രിയങ്കക്കും സോണിയക്കും സര്‍ക്കാര്‍ നല്‍കുന്നത്.