ബെംഗളൂരു: കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മധുർ സ്വദേശിയായ ദർശൻ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ  ദർശനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്‍റെ മരണത്തിന് കാമുകിയും അവരുടെ  വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് സ്ഥാപിക്കുന്ന ദർശന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മാണ്ഡ്യ സ്വദേശിയായ പെൺകുട്ടിയുമായി ദർശൻ വളരെനാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് ദർശന്‍റെ ബന്ധുക്കൾ പറയുന്നു. ബന്ധം തുടരുകയാണെങ്കിൽ അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ദർശനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

മാണ്ഡ്യയിൽ നിന്നുള്ള മുൻ മന്ത്രിയുടെ അടുത്ത ബന്ധുവാണ് പെൺകുട്ടി. ദർശന്റെ മരണം കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ മാണ്ഡ്യ പൊലീസ് കേസെടുത്തു.