അഗർത്തല: ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. ത്രിപുര ഗൗതം നഗർ സ്വദേശി പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാളുടെ മരണവാർത്ത അറിഞ്ഞ ഭാര്യ സുപ്രിയ ദാസ് (23) ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി.

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സുപ്രിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിനായി കാത്തിരുന്ന ഭർത്താവിനും വീട്ടുകാര്‍ക്കും ഇത് ഉൾക്കൊള്ളാനായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് സങ്കടത്തിലായ പ്രാൺ, ഞായറാഴ്ച ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുകയും തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്തൃവീട്ടിലെ മാനസിക പീഡനങ്ങൾ കൊണ്ട് തകർന്നിരുന്ന സുപ്രിയയ്ക്ക് ഭർത്താവിന്‍റെ മരണവാർത്ത കൂടി താങ്ങാനായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രാൺ മരിച്ച വിവരം അറിഞ്ഞ് കുറച്ച് സമയങ്ങൾക്കുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് സുപ്രിയയും മരണത്തിന് കീഴടങ്ങി. പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ ഭര്‍ത്താവിന്‍റെ മാതാവ് നിരന്തരം കുത്തുവാക്കുകൾ പറയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.