Asianet News MalayalamAsianet News Malayalam

ശവസംസ്‌കാരം കഴിഞ്ഞ് മൂന്നാംമാസം 'മരിച്ചയാള്‍' തിരിച്ചെത്തി! അമ്പരന്ന് നാട്ടുകാര്‍

അഴുകിയ നിലയിലുണ്ടായിരുന്ന മൃതദേഹം കൃഷ്ണ മാഞ്ചിയുടേതാണെന്ന് തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന് പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയത്. ഈ മൃതദേഹത്തിന്‍റെ സംസ്കാരവും നടത്തി.

Man declared dead in mob lynching returns home after three months in bihar
Author
Patna, First Published Nov 17, 2019, 6:43 PM IST

മഹാമാത്പൂര്‍(ബീഹാര്‍): ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ചെന്ന് കരുതിയയാള്‍ മൂന്ന് മാസത്തിന് ശേഷം തിരിച്ച് വീട്ടിലെത്തി. ബിഹാറിലെ മഹാമാത്പൂറിലാണ് സംഭവം. ഭര്‍ത്താവിനെ കാണാനില്ലെന്ന റൂഡി ദേവിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിന് ഇടയിലാണ് കുഞ്ഞിനെ അപഹരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. 

ബിഹാറിലെ റാണി തലാബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓഗസ്റ്റ് 10നാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആളുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുണ്ടായിരുന്ന മൃതദേഹം കൃഷ്ണ മാഞ്ചിയുടേതാണെന്ന് വീട്ടുകാര്‍  തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന് പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയത്. ഈ മൃതദേഹത്തിന്‍റെ സംസ്കാരവും നടത്തി.

എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തുകയായിരുന്നെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ ഭര്‍ത്താവ് ധരിച്ചിരുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ കണ്ടാണ് താന്‍ തെറ്റിധരിച്ചതെന്നാണ് ഭാര്യ റൂഡി ദേവി പറയുന്നത്. ഇപ്പോള്‍ എന്‍റെ ഭര്‍ത്താവ് തിരികെയെത്തിയെന്നും ഇവര്‍ പറയുന്നു. മരിച്ചെന്ന് കരുതിയയാള്‍ തിരിച്ചെത്തിയത് വീട്ടുകാര്‍ക്ക് സന്തോഷത്തിന് വക നല്‍കിയെങ്കിലും പൊലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്  ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പട്ന എസ്എസ്പി ഗരിമ മാലിക്. 

Follow Us:
Download App:
  • android
  • ios